Flash News

ഗെയില്‍: നഷ്ടപരിഹാരതുക ഉയര്‍ത്തി

ഗെയില്‍: നഷ്ടപരിഹാരതുക ഉയര്‍ത്തി
X


[related] തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കായുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തി. ന്യായ വിലയുടെ പകുതി വില അധിക തുകയായി നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പത്ത് സെന്റില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും.വ്യവസായ വകുപ്പുമന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയില്‍ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.
നിലവില്‍ വിപണി വില, പുതുക്കിയ ന്യായവിലയുടെ അഞ്ച് മടങ്ങായിരുന്നു. ഇത് 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. ഇതുമൂലം മൊത്തം 116 കോടിയുടെ വര്‍ദ്ധനവാണ് ഭൂമിയുടെ നഷ്ടപരിഹാരത്തില്‍ ഉണ്ടായിരിക്കുന്നത്.2012 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി.
കൂടാതെ, പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. ഇത്തരം സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും. വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടുവയ്ക്കത്തക്ക രീതിയില്‍ അലൈന്‍മെന്റ് തീരുമാനിക്കും. നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ് ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡില്‍ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്‍മെന്റ് തീരുമാനിക്കുക.
Next Story

RELATED STORIES

Share it