ഗെയില്‍ : ജനകീയ ചെറുത്തുനില്‍പ്



ഗഫൂര്‍  കുറുമാടന്‍

അമേരിക്കന്‍ നോവലിസ്റ്റ് അപ്റ്റണ്‍ സിംഗയ്‌റിന്റെ 'ദ ജംഗിള്‍സി'ല്‍ പറയുന്നൊരു കഥയുണ്ട്. ആടുമാടുകളെ കശാപ്പു ചെയ്ത് പാക്കറ്റിലാക്കി വിദേശങ്ങളിലേക്ക് അയക്കുന്ന  ഫാക്ടറിയിലെ യന്ത്രബെല്‍റ്റില്‍  തൊഴിലാളി കുടുങ്ങിപ്പോവുന്നു. നിമിഷങ്ങള്‍ക്കകം അയാള്‍ പാക്ക് ചെയ്ത മാംസമായി മാറാന്‍ പോവുകയാണ്. മറ്റു തൊഴിലാളികള്‍ ഓടിവന്ന് മാനേജരോട് ഫാക്ടറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ, മാനേജര്‍ ആലോചിച്ചത് മെഷീന്‍ നിര്‍ത്തുന്നതാണോ, യന്ത്രത്തില്‍ കുടുങ്ങി മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാരമാണോ ലാഭകരം എന്നതാണ്. തൊഴിലാളിക്കു നല്‍കുന്ന നഷ്ടപരിഹാരത്തേക്കാള്‍ കൂടുതലാണ് ഫാക്ടറി ഏതാനും സമയം നിര്‍ത്തുന്നതിലൂടെ സംഭവിക്കുകയെന്ന  കണക്ക് മുഖവിലയ്‌ക്കെടുത്ത് മാനേജര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടരാനും ആ ഹതഭാഗ്യന്റെ ഭാര്യക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ആധുനിക ടെക്‌നോളജിയുടെ വളര്‍ച്ചയില്‍ മനുഷ്യജീവിതം തികച്ചും യാന്ത്രികമായിത്തീരുകയും മനുഷ്യന്‍ വെറും പദാര്‍ഥം മാത്രമായി മാറുകയും ചെയ്യുന്നതാണ് അതിന്റെ ഇതിവൃത്തം.കോര്‍പറേറ്റ് പളപളപ്പിന്റെയും ഭരണകൂട ധാര്‍ഷ്ട്യത്തിന്റെയും പുതുമോഡലായി ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സിംഗയ്‌റിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? മനുഷ്യജീവനും ചുറ്റുപാടിനും ഒരു വിലയും കല്‍പിക്കാതെ, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ ശ്രമിക്കാം എന്ന ഔദാര്യം കാത്തുകഴിയേണ്ടവരാണോ രാജ്യത്തെ പൗരന്മാര്‍?മാംഗ്ലൂര്‍ റിഫൈനറി പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (എംആര്‍പിഎല്‍), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലിമിറ്റഡ് (കെഐഒസിഎല്‍), മഹാനദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ് (എംസിഎഫ്എല്‍) എന്നീ ഫാക്ടറികള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാന്‍ പുതുവൈപ്പിലെ എല്‍എന്‍ജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്) ടെര്‍മിനലില്‍ നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി പ്രകൃതിവാതകം കൊണ്ടുപോവുന്ന ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമരം എട്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ബലപ്രയോഗത്തിന്റെ രീതി വന്നതോടെ ഏതാനും ദിവസങ്ങളായി സമരം പുതിയ വഴിത്തിരിവിലേക്ക്‌നീങ്ങിക്കൊണ്ടിരിക്കുകയാണ്.ജീവിക്കാനുള്ള അവകാശം എന്നത് സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാതിരിക്കാനുള്ള അവകാശമാണ്. ഇതിന് എതിരായി ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അതു സത്യപ്രതിജ്ഞാ ലംഘനവുമാണ്. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്നത് എല്ലാ സര്‍ക്കാരുകളുടെയും പ്രഥമ ബാധ്യതയാണ്. അതു കഴിഞ്ഞ് മാത്രമേ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. സ്വന്തം ഭൂമിയില്‍ ജീവിക്കാന്‍ സമരം ചെയ്യുന്നവരെ പിന്തിരിപ്പിക്കാന്‍ പലതരത്തിലുള്ള ഭീഷണിയും പ്രലോഭനങ്ങളുമാണ് പയറ്റുന്നത്. എന്നിട്ടും മനോവീര്യം നഷ്ടപ്പെടാതെ അവര്‍ പൊരുതുന്നു. സമരത്തെ പോലിസിനെ ഉപയോഗിച്ച് തടയുന്ന ഭരണകൂട ഭീകരതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവരുന്നത് ഖേദകരമാണ്. റോഡുകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം പണം ഈടാക്കാതെ വിട്ടുനല്‍കുന്ന മലയാളി എന്തുകൊണ്ടാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്? ഗെയില്‍ ഒരു വികസനമാണെങ്കില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സുതാര്യത ഉറപ്പുവരുത്തണം.എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലൂടെയാണ് കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നുപോവുന്നത്. 18 ടണ്‍ പാചകവാതകം നിറച്ച ടാങ്കര്‍ ലോറി കണ്ണൂരിലെ ചാലയില്‍ പൊട്ടിത്തെറിച്ച് 20 പേരാണ് വെന്തുമരിച്ചത്. ഏകദേശം 600 മീറ്റര്‍ ദൂരം ഇതിന്റെ തീ കത്തിപ്പടര്‍ന്നു. എന്നാല്‍, കേരളത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ 24 കിലോമീറ്റര്‍ അകലത്തിലാണ് സേഫ്റ്റി വാല്‍വുകള്‍ നിര്‍മിക്കുന്നത്. ഏകദേശം 1,64,000 ടാങ്കര്‍ ലോറികളില്‍ നിറയ്ക്കാവുന്ന വാതകമാണ് രണ്ടു വാല്‍വുകള്‍ക്കിടയില്‍ നിറഞ്ഞുകിടക്കുക. അവിടെ ഒരു സ്‌ഫോടനമുണ്ടായാല്‍ അതിന്റെ നാശനഷ്ടങ്ങള്‍ അതിഭീകരമായിരിക്കും. ഗുജറാത്തിലെ ഹസിറയില്‍ 2009ലും ഗോവയിലെ വാസ്‌കോയില്‍ 2011ലും വാതക പൈപ്പ് അപകടങ്ങള്‍ ഉണ്ടായിരുന്നു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം എന്ന സ്ഥലത്ത് 2014 ജൂലൈയിലുണ്ടായ പൈപ്പ്‌ലൈന്‍ അപകടത്തില്‍ ജനവാസമില്ലാത്ത കൃഷിയിടമായിരുന്നിട്ടുപോലും 19 പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. കേരളം ജനവാസമേഖലയായതിനാല്‍ അപകടം ഉണ്ടായാല്‍ മരണസംഖ്യ ആന്ധ്രയേക്കാള്‍ പതിന്മടങ്ങ് വര്‍ധിക്കും.കേന്ദ്ര സര്‍ക്കാരിന്റെ നവരത്‌ന കമ്പനിയായ ഗെയിലിന്റെ 43% ഓഹരികള്‍ ഇപ്പോള്‍ റിലയന്‍സിന്റെയും ടാറ്റയുടെയും കൈവശമാണ്. ബാക്കിയുള്ള ഓഹരികള്‍ താമസിയാതെ അവരുടെ കൈകളിലെത്തുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. അദാനി ഗ്രൂപ്പിനാണ് പാചകവാതക പൈപ്പ്‌ലൈന്‍ പദ്ധതിയിലെ പങ്കാളിത്തം. പൈപ്പ്‌ലൈന്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരു വര്‍ഷം ചുരുങ്ങിയത് 8,000 കോടി രൂപയാണ് ഗെയില്‍ ലാഭം പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ജനവാസമേഖലയിലൂടെ പദ്ധതി കടന്നുപോവുമ്പോള്‍ 700 ഹെക്റ്റര്‍ കാര്‍ഷിക ഭൂമി, എണ്ണമറ്റ അമ്പലങ്ങള്‍, കാവുകള്‍, പള്ളികള്‍, മദ്‌റസകള്‍, ആയിരക്കണക്കിന് വീടുകള്‍, ജലസ്രോതസ്സുകള്‍, കുളം, തണ്ണീര്‍ത്തടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നത് വരുത്തുന്ന നഷ്ടങ്ങള്‍ കണക്കാക്കാന്‍ പറ്റാത്തതാണ്. കുത്തകകള്‍ക്കായി ഗെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അല്‍പം ചെലവു കൂടിയാലും കടല്‍മാര്‍ഗമാക്കുക, കായലുകളും നദീതീരങ്ങളും ഉപയോഗിക്കുക, ഇന്ത്യന്‍ റെയില്‍വേയുടെ ട്രാക്കിന് ഇരുവശത്തുമായി ഒഴിഞ്ഞുകിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തുക എന്നിവ പരിഗണിക്കാവുന്നതാണ്.2007ല്‍ എല്‍ഡിഎഫ് കേരളം ഭരിക്കുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഗെയിലുമായി അന്നത്തെ വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 2009ല്‍ കൊച്ചിയില്‍ നിന്ന് വ്യാവസായിക ആവശ്യത്തിന് പ്രകൃതിവാതകം മംഗലാപുരത്തേക്ക് കൊണ്ടുപോവുന്നതിന് പദ്ധതിയുമായി ഗെയില്‍ തയ്യാറെടുത്തു. 2011ല്‍ ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ നടത്തിയെങ്കിലും 2012 ഡിസംബറിലാണ് സര്‍വേ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഗെയില്‍ പിന്‍വാങ്ങുന്ന അവസ്ഥയില്‍ എത്തിയിരുന്നു. 2012 ഡിസംബറില്‍ സര്‍വേ നടപടികളുമായി ഗെയില്‍ അധികൃതര്‍ വീണ്ടും രംഗത്തെത്തിയപ്പോള്‍ ഇരകള്‍ സര്‍വേക്ക് വന്ന അധികൃതരെ ചെറുത്തു. വിക്ടിംസ് ഫോറത്തിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക ഘടകത്തിന്റെയും ശക്തമായ എതിര്‍പ്പ് വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗെയില്‍ അധികൃതര്‍ അങ്ങിങ്ങായി ഇറക്കിവച്ച പൈപ്പുകള്‍ തിരിച്ചെടുത്ത് പദ്ധതി ഉപേക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു പകരം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഗെയില്‍ പദ്ധതിയുമായി ബലംപ്രയോഗിച്ചും മുന്നോട്ടുപോവുമെന്ന നിലപാടാണ് കാണുന്നത്. 3,700 കോടി രൂപ മുടക്കി ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍ കേരളത്തില്‍ 505 കിലോമീറ്ററാണ് പദ്ധതി പ്രകാരം പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം പിണറായി വിജയന്‍ ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയുമായി ആദ്യ കൂടിക്കാഴ്ച കഴിഞ്ഞു തിരിച്ചുവന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഗെയില്‍ പദ്ധതിയും ഹൈവേ വികസനവും ഉടനെ പൂര്‍ത്തിയാക്കും എന്നാണ്. അദാനിയുടെ ഇഷ്ടപദ്ധതിയോട് പ്രധാനമന്ത്രി മോദിക്കുള്ള ഇഷ്ടം ഊഹിക്കാം. ആ വലയത്തില്‍ പിണറായി വിജയനെപ്പോലെ ഒരാള്‍ വീഴുന്നത് ഭൂഷണമാണോ? പുതിയ വികസന പദ്ധതിക്ക് തുടക്കം കുറിക്കുമ്പോള്‍, പദ്ധതിപ്രദേശത്തെ ജനതയെ ബോധവല്‍ക്കരിക്കുകയും അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന ന്യായമായ പരാതികള്‍ കേള്‍ക്കാന്‍ മനസ്സു കാണിക്കുകയും ചെയ്യുകയെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ മിനിമം മര്യാദയാണ്.              (അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it