ഗെയില്‍ ഉദ്യോഗസ്ഥരുമായും പെട്രോളിയം കമ്പനികളുമായും ചര്‍ച്ച നടത്തി;  മൂന്നുനഗരങ്ങളില്‍ ഒരുവര്‍ഷത്തിനകം സിഎന്‍ജി വാതക പമ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നഗരങ്ങളില്‍ ഒരു വര്‍ഷത്തിനകം സിഎന്‍ജി(കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാതകപമ്പുകള്‍ സ്ഥാപിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭ്യമാവുന്നവിധം ഒരുവര്‍ഷത്തിനകം അഞ്ചു പമ്പുകള്‍വീതം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് പെട്രോളിയം കമ്പനികളുമായും ഗെയില്‍ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ ഭാഗമായും അടുത്ത കാലത്തുണ്ടായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധികളിലെ നിരീക്ഷണങ്ങളുമാണ് സിഎന്‍ജി നടപ്പാക്കുന്നതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഡീസലിനു പകരം സിഎന്‍ജി പരിഗണിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. വായു മലിനീകരണം ക്രമാതീതമായി വര്‍ധിക്കുന്നതിനു പരിഹാരമായാണ് സിഎന്‍ജി കൊണ്ടുവരുന്നത്. മൂന്നുനഗരങ്ങളിലെയും നഗരസഭാ പരിധികള്‍ക്കുള്ളിലെ വാഹനങ്ങള്‍ക്കായിരിക്കും സിഎന്‍ജി നിര്‍ദേശിക്കുക. മൂന്നു നഗരസഭകളിലെയും പൊതുഗതാഗത വാഹനങ്ങളായ സിറ്റി ബസ്, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ മുതലായവയ്ക്ക് സിഎന്‍ജി ബാധകമാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒപ്പം കെഎസ്ആര്‍ടിസിയും സിഎന്‍ജിയിലേക്കു മാറ്റും.
മൂന്നുലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാവും സിഎന്‍ജിയിലേക്കു മാറുന്നതിനുള്ള ചെലവ്. 5000 ടണ്‍ സിഎന്‍ജി ദിവസവും വിനിയോഗിക്കപ്പെടണമെന്നാണു നിര്‍ദേശം. പുതുവൈപ്പിന്‍ സിഎന്‍ജി ടെര്‍മിനലില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പത്തടിപ്പാലത്തുള്ള പ്രധാന വാതകനിലയത്തിലേക്ക് സിഎന്‍ജി പൈപ്പ്‌ലൈന്‍ വഴി ബന്ധിപ്പിച്ചുകഴിഞ്ഞു. തുടര്‍ന്ന് കൊച്ചി നഗരത്തിലെ അഞ്ചു പമ്പുകളിലേക്ക് ഐഒസി പൈപ്പ്‌ലൈന്‍ വഴി സിഎന്‍ജി എത്തിച്ചാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ വാതക സ്‌റ്റേഷനുകളിലേക്ക് ദ്രവീകരിച്ച വാതകം ക്രയോജനിക് ടാങ്കറുകളില്‍ എത്തിച്ചാവും വിതരണം ചെയ്യുക. അതേസമയം ക്രയോജനിക് ടാങ്കറുകള്‍ നിര്‍മിക്കാന്‍ കാലതാമസമുണ്ടാവുമെന്നതാണ് ഒരു തടസ്സം. എന്നിരുന്നാലും പരമാവധി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ സ്ഥലസൗകര്യമുള്ളവ തന്നെ സൗകര്യപ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന് അധികച്ചെലവ് ഒഴിവാകുന്ന രീതിയിലാണ് ഗ്യാസ് സ്‌റ്റേഷന്‍ ഒരുക്കുന്നത്. സിഎന്‍ജിയുടെ വില ഇന്ത്യയില്‍ എല്ലായിടത്തും ഒരേപോലെ കിലോഗ്രാമിന് 39 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പദ്ധതി വിജയകരമായാല്‍ രണ്ടാംഘട്ടമായി കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it