Flash News

ഗെയില്‍ : ഇരകളുടെ മതംതിരിച്ചുള്ള കണക്കെടുക്കാന്‍ നിര്‍ദേശം



മലപ്പുറം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ഭൂവുടമകളുടെ മതം തിരിച്ചും ജാതിതിരിച്ചും കണക്കെടുക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണവിഭാഗം. പ്രക്ഷോഭങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ജില്ലതിരിച്ചുള്ള കണക്കുകള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നാണ് തലസ്ഥാനത്തുനിന്നും രഹസ്യാന്വേഷണ വിഭാഗം മേധാവി ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടുതല്‍ സ്ഥലം നഷ്ടപ്പെടുന്ന മതവിഭാഗവും ജാതിവിഭാഗവും കണ്ടെത്താനാണ് കണക്കെടുപ്പ്. ഈ വിഭാഗങ്ങള്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ വിലയിരുത്താനാണത്രെ ആഭ്യന്തരവകുപ്പിന്റെ കണക്കെടുപ്പ്. ഗെയില്‍ വിരുദ്ധ സമരങ്ങള്‍ വരുംദിനങ്ങളില്‍ കൂടുതല്‍ രൂക്ഷമാവുമെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. സമരരംഗത്തെ സജീവമാക്കാന്‍ പുതിയ തന്ത്രങ്ങള്‍ സമരസമിതി ആവിഷ്‌കരിക്കുമെന്നും സര്‍ക്കാരും പോലിസും ഭയപ്പെടുന്നുണ്ട്. കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്ന മതവിഭാഗങ്ങളുമായി രഹസ്യമായി ചര്‍ച്ചകള്‍ നടത്തി പ്രക്ഷോഭരംഗത്തു നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്. ഹിന്ദു വിശ്വാസികളിലെ ജാതികള്‍, മുസ്‌ലിംകളിലെ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ്, ക്രിസ്ത്യാനികളിലെ റോമന്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് എന്നിങ്ങനെയുള്ളവരുടെ കണക്കുകളാണ് ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് രഹസ്യാന്വേഷണവിഭാഗം എഡിജിപിയില്‍ നിന്നും ഇത്തരത്തിലുള്ള നിര്‍ദേശം ജില്ലാ പോലിസ് ആസ്ഥാനങ്ങളില്‍ വയര്‍ലസില്‍ ലഭിച്ചിട്ടുള്ളത്. സമരരംഗത്ത് മുസ്‌ലിം സംഘടനകള്‍ സജീവമായത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് സിപിഎം ഭയപ്പെടുന്നുണ്ട്. ബിജെപി പേടിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് കൂട്ടത്തോടെ വോട്ടുചെയ്തിരുന്നു. അതാണ് നിയമസഭയിലെ എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തിനു കാരണം. ഗെയില്‍ നടപ്പാക്കിയാല്‍ ഈ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയം പാര്‍ട്ടിയെ ഇപ്പോള്‍ തന്നെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ തലപുകഞ്ഞാലോചിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. സമരരംഗത്തുള്ള മുസ്‌ലിം സംഘടനകളെ ഏതെങ്കിലും വിധത്തില്‍ അനുനയിപ്പിക്കാനുള്ള സാധ്യതയും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയില്‍ ''ഏഴാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാര്‍'' എന്ന വിവാദ പ്രയോഗം മുസ്‌ലികളെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന കാര്യം പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പാര്‍ട്ടി സെക്രട്ടറി കോടിയേരിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിതന്നെ വരുംദിവസങ്ങളില്‍ വിശദീകരണം നല്‍കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Next Story

RELATED STORIES

Share it