kozhikode local

ഗെയില്‍: ഇന്ന് പ്രതിരോധ വലയം

മുക്കം: വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ നെല്ലിക്കാപറമ്പില്‍ പ്രതിരോധ വലയം തീര്‍ക്കും. പോലിസിനെ ഉപയോഗിച്ച് അതിജീവന പോരാട്ടത്തെ അടിച്ചൊതുക്കാനുള്ള ഭരണകൂട നീക്കത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് രാവിലെ എട്ടിനാണ് പ്രതിഷേധ കൂട്ടായ്മയൊരുക്കുന്നത്. ജനകീയ സമരത്തെ നേരിടുന്നതിന് സര്‍വ സന്നാഹവുമായി വന്‍ പോലിസ് സംഘവും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സമരത്തെ ഏത് വിധേനയും അമര്‍ച്ച ചെയ്യുന്നതിനും ഭയപ്പെടുത്തി പരമാവധി ആളുകളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുമുള്ള മുന്നൊരുക്കമാണ് സമരം പ്രഖ്യാപിച്ചത് മുതല്‍ പോലിസ് നടത്തുന്നത്.  കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 1000ലധികം പോലിസുകാരാണ് സമരത്തെ നേരിടുന്നതിനായി എത്തിയിരിക്കുന്നത്. ഇന്നലെ നെല്ലിക്കാപറമ്പിലും എരഞ്ഞിമാവിലും മുക്കത്തും പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ഇന്നത്തെ സമരത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി മുക്കത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗവും  ചേര്‍ന്നു. മുക്കം ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍, കോഴിക്കോട് റൂറല്‍ എസ്പി പുഷ്‌കരന്‍, സിറ്റി പോലിസ് കമ്മീഷണര്‍ കാളി രാജ് മഹേഷ് കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ്, വയനാട് എസിപി ചൈത്ര തെരേസ, വിവിധ എസ്പിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വൈകിട്ട് 5 മണിയോടെ എരഞ്ഞിമാവിലും മുക്കത്തും നെല്ലിക്കാപറമ്പിലും റൂട്ട് മാര്‍ച്ചും നടന്നു. പ്രവൃത്തി തടയാനാണ് ഭാവമെങ്കില്‍ അതിനെ ഏത് രീതിയിലും നേരിടാനുള്ള ഒരുക്കമാണ് പോലിസ് നടത്തുന്നത്. സ്ത്രീകള്‍ അടക്കം സമരത്തിന്റെ ഭാഗമാവാനുള്ള സാധ്യത കണക്കിലെടുത്ത് നൂറോളം വനിതാ പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാഴ്ചയോളം നീണ്ടു നിന്ന പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. രാവിലെ 8.30ഓടെ എരഞ്ഞിമാവ് കേന്ദ്രീകരിക്കുന്ന സമരക്കാര്‍ പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പിലേക്ക് മാര്‍ച്ച് നടത്തും.  പദ്ധതി പ്രദേശത്തിന് തൊട്ടുമുമ്പ് നെല്ലിക്കാപറമ്പില്‍ സമരക്കാരെ തടയാനാണ് പോലിസ് ഉദ്ദേശിക്കുന്നത്. റൂറല്‍ എസ്പി പുഷ്‌കരന്‍ നേരിട്ടായിരിക്കും ഇന്ന് സേനയെ നിയന്ത്രിക്കുക..
Next Story

RELATED STORIES

Share it