Flash News

ഗെയില്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും



തൃശൂര്‍: ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയുടെ രണ്ടാംഘട്ടം 2018 ഡിസംബറോടെ കമ്മീഷന്‍ ചെയ്യുമെന്ന് ഗെയില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. അശുതോഷ് കര്‍ണാടക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി-കൂറ്റനാട്-മംഗലാപുരം പൈപ്പ്‌ലൈന്‍ പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ഇതില്‍ തൃശൂരിലെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി. സംസ്ഥാനത്ത് 438 കിലോമീറ്റര്‍ നീളം വരുന്ന പൈപ്പ്‌ലൈനിന്റെ 71 കിലോമീറ്ററാണ് ഇതുവരെ പൂര്‍ത്തിയായത്. പരിസ്ഥിതി അനുകൂല വ്യാവസായിക വികസനത്തിന് ഏറെ സഹായകമായ പദ്ധതിക്ക് പ്രാഥമിക ഘട്ടത്തിലെ തടസ്സങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണു നല്‍കിവരുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ വഴി ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള 41 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ 2013ല്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചു. നാഷനല്‍ ഗ്യാസ് ഗ്രിഡിന്റെ ഭാഗമായ പദ്ധതി കേരളം (503 കിലോമീറ്റര്‍), കര്‍ണാടക (60), തമിഴ്‌നാട് (311) എന്നീ മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുന്നത്. 4,260 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 3263 കോടി അനുവദിച്ചുകഴിഞ്ഞു. അപകടകരമല്ലാത്ത ശുദ്ധമായ ഗ്യാസ് വിതരണമാണു ലക്ഷ്യമിടുന്നതെന്ന് ഡോ. അശുതോഷ് പറഞ്ഞു. ഇതുവഴി ലഭ്യമാവുന്ന ഇന്ധനം എല്‍പിജിയേക്കാള്‍ ലാഭകരമായിരിക്കും. 20 മുതല്‍ 30 വരെ ശതമാനം വില കുറയും. സിറ്റി ഗ്യാസ് സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിക്കാനും കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ വിവാദങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും അശുതോഷ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it