kozhikode local

ഗെയില്‍വിരുദ്ധ സമരഭൂമിയും പരിസരവും സംഘര്‍ഷ മുഖരിതം



മുക്കം: ജനവാസ മേഖലയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെതിരേ പോലിസ് അതിക്രമം നടന്ന എരഞ്ഞിമാവും പരിസരവും രണ്ടാം ദിവസവും സംഘര്‍ഷഭരിതം. പോലിസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് എസ്ഡിപിഐ, ഗെയില്‍ വിക്ടിംസ് ഫോറം, യുഡിഎഫ് എന്നിവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. തിരുവമ്പാടി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും മലപ്പുറം ജില്ലയിലെ അരീക്കോട്, കാവനൂര്‍, കിഴുപറമ്പ് പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. ഇരുചക്ര വാഹനങ്ങളും  എതാനും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയതൊഴിച്ചാല്‍ ഗതാഗതവും പൂര്‍ണമായി തടസ്സപ്പെട്ടു. രാവിലെ ചില വാഹനങ്ങള്‍ നിരത്തിലിറങ്ങിയങ്കിലും സമരക്കാര്‍ തടഞ്ഞു. കൊയിലാണ്ടി എടവണ്ണസംസ്ഥാന പാതയില്‍ പലയിടങ്ങളിലും ടയറുകളും മരക്കഷ്ണങ്ങളും കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാരും പോലിസും തമ്മില്‍ ഒന്നിലധികം തവണ ഏറ്റുമുട്ടിയതോടെ സംസ്ഥാത പാതയില്‍ ഉച്ചയോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്നലെയും പോലിസിന്റെ അതിക്രമം വ്യാപകമായി അരങ്ങേറി. റൂറല്‍ എസ്പി പുഷ്‌ക്കരന്‍ മുക്കത്ത് ക്യാംപ് ചെയ്ത് നേരിട്ടാണ് പോലിസ് നടപടികള്‍ നിയന്ത്രിച്ചത്. അക്രമികളെ കിട്ടാതെ വന്നപ്പോള്‍ കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും പിടിച്ചു കൊണ്ടു പോവുകയും ചെയ്യുന്ന  സമീപനമാണ് ഇന്നലെയും പോലിസ് സ്വീകരിച്ചത്.  നിരവധി വാഹനങ്ങളും പോലിസ് തകര്‍ത്തു. ഇന്നലെ രാവിലെ  മുതല്‍ തന്നെ സമരക്കാര്‍  മുക്കം -അരീക്കോട് റോഡിലെ  മുക്കം പാലം മുതല്‍ വാലില്ലാ പുഴ വരെയുള്ള 8 കിലോമീറ്റര്‍ റോഡില്‍ പത്തോളം സ്ഥലങ്ങളില്‍ ടയറുകള്‍ കൂട്ടിയിട്ടും മരങ്ങള്‍ കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു. 10 മണിയോടെ സ്ഥലത്തെത്തിയ പോലിസ് തടസ്സം നീക്കിയെങ്കിലും പോലിസ് പോയ ഉടനെ സമരക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ മാറി മാറി ഗതാഗത തടസ്സം സൃഷ്ടിച്ചു. വലിയപറമ്പില്‍ പോലി സും സമരക്കാരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. പോലിസിന് നേരെ വന്‍തോതില്‍ കല്ലേറും നടന്നു. ഇതോടെ പോലിസ് ലാത്തി വിശി. ഇതിന് ശേഷമാണ് പോലിസ്  കണ്ടവരെ മുഴുവന്‍ ആക്രമിച്ചത്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്‍ക്ക് പോലിസ് മര്‍ദനമേറ്റു. പലര്‍ക്കെതിരെയും വൈകാരികമായാണ് പോലിസ് പെരുമാറിയത്. നെല്ലിക്കാപറമ്പ് മാട്ടു മുറി റോഡില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സമരക്കാരനെ പോലിസ് പിന്തുടര്‍ന്ന് പിടികൂടി. ഇത്തരത്തില്‍ 12 പേര്‍ പോലിസ് പിടിയിലായിട്ടുണ്ട്. നെല്ലിക്കാപറമ്പില്‍ വീട്ടില്‍ കയറി പൊലിസ് അതിക്രമം കാണിച്ചതായും പരാതിയുണ്ട്. സമരക്കാരെ പിന്തുടര്‍ന്നെത്തിയ പോലിസ് ആദംപടി യു എ മുനീറിന്റെ വീട്ടിലാണ് അതിക്രമിച്ച് കയറിയത്. അകത്ത് നിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപൊളിക്കാന്‍ പോലിസ് ശ്രമിച്ചു.മുനീറിന്റെ സഹോദരന്റെ മകന്‍ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്‍ചില്ലുകള്‍ ലാത്തി കൊണ്ടടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലിസിനോട് കേണപേക്ഷിച്ചിട്ടും മകനെ വിട്ടു നല്‍കാന്‍ തയ്യാറായില്ല. പോലിസ് അതിക്രമം കണ്ട്  സ്ത്രികള്‍ക്കുള്‍പ്പെടെയുള്ളവര്‍ ഭയപ്പാടിലായി.  വലിയപറമ്പ് ഭാഗങ്ങളിലും വീടുകളില്‍ കയറി പോലിസ് ഏറെ പരാക്രമങ്ങള്‍ കാണിച്ചതായി പരാതിയുണ്ട്.
Next Story

RELATED STORIES

Share it