thrissur local

ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: മധ്യവയസ്‌കന്‍ അറസ്റ്റില്‍

കുന്നംകുളം: തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്നിരുന്നയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
വടക്കാഞ്ചേരി ഓട്ടുപ്പാറ കുമരനെല്ലൂര്‍ അരങ്ങത്ത് പറമ്പില്‍ അക്ബറിനെയാണ് (50) സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ആര്‍ സന്തോഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തവണ വ്യവസ്ഥയില്‍ കട്ടില്‍, കിടക്ക, മിക്‌സി, എല്‍ഇഡി ടിവി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന വ്യാജേനെ വീടുകളില്‍ എത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഉപകരണങ്ങള്‍ വാഹനത്തിലുണ്ടെന്നും ആദ്യ ഗഡുവായി 500 രൂപയെങ്കിലും തരണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ഉപഭോക്താക്കളെ സമീപിച്ചിരുന്നത്.
താല്‍പര്യം പ്രകടിപ്പിക്കുന്ന ഉപഭോക്താവിനോട് ഗൃഹോപകരണത്തിനൊപ്പം സമ്മാനമായി ഇലട്രോണിക്ക് ഉപകരണം ലഭിച്ചിട്ടുണ്ടെന്നും മുഴുവന്‍ പണവും അടച്ചാല്‍ ഉടന്‍ ലഭ്യമാകുമെന്നും അറിയിക്കും. പണമില്ല എന്ന് വീട്ടുകാര്‍ അറിയിച്ചാല്‍ സ്വര്‍ണ്ണം തന്നാല്‍ പണയം വെച്ച് ബാക്കി തുക തിരിച്ചേല്‍പ്പിക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ചിറ്റഞ്ഞൂരില്‍ നിന്ന് വയോധികയായ അംബുജാക്ഷിയമ്മയുടെ രണ്ടര പവന്റെ മാല, കടവല്ലൂരില്‍ നിന്ന് ശാന്തമ്മയുടെ 4500 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പിലൂടെ ഇയാള്‍ കവര്‍ന്നിരുന്നു.
ഈ സംഭവങ്ങളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് കരിക്കാട് ക്വാര്‍ട്ടേഴസില്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന അക്ബറിനെ പെരുമ്പിലാവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വെസ്റ്റ്, അന്തിക്കാട്, തൃത്താല, ഗുരുവായൂര്‍, തുടങ്ങി ജില്ലയിലും ജില്ലയ്ക്ക് പുറത്തും വ്യാപക തട്ടിപ്പാണ് ഇയാള്‍ നടത്തിയിട്ടുള്ളത്.ഇരുപതോളം പരാതിക്കാര്‍ ഇതിനകം കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായ് എത്തിയിട്ടുണ്ട്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ആരീഫ്, ആശിഷ്, സോജുമോന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it