kasaragod local

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങളുമായി ഈസ്റ്റ് എളേരി പഞ്ചായത്ത് ബസ്സ്റ്റാന്റ്



ചിറ്റാരിക്കാല്‍: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ചിറ്റാരിക്കാലില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഇന്ന് നാടിന് സമര്‍പ്പിക്കും. മലബാറിലെ കുടിയേറ്റത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബസ് സ്റ്റാന്റാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയത്. ചിറ്റാരിക്കാലിലെ ചിത്രകാരനായ ജെപി എന്നറിയപ്പെടുന്ന ജോസഫ് പതിയില്‍ ബസ് സ്റ്റാന്റിന്റെ ആയിരം സ്‌ക്വയര്‍ അടി വിസ്തൃതിയുള്ള ഭിത്തിയില്‍ സീന്‍ ബൈ സീനായി കുടിയേറ്റത്തിന്റെ ചരിത്രം ചിത്രീകരിച്ചിരിക്കുകയാണ്. മധ്യതിരുവിതാംകൂറില്‍ നിന്ന് ട്രങ്ക്‌പെട്ടിയും തെങ്ങിന്‍ തൈയും കൈകുഞ്ഞുങ്ങളുമായി എത്തുന്ന കുടിയേറ്റക്കാരുടെ ചിത്രം, കൃഷി സംരക്ഷിക്കാന്‍ ഏറുമാടത്തില്‍ കയറിയിരിക്കുന്ന കര്‍ഷകന്റെ ചിത്രവും രോഗികളെ ചുമന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമെല്ലാം ഇതില്‍പെടും.ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തില്‍ ഗാന്ധിജിയുടെ ചിത്രമാണ് ആദ്യം. 15 ദിവസം രാത്രിയും പകലുമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ജെപിയുടെ ശിഷ്യനായ സുമേശാണ് സഹായി. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫി കാലത്തുണ്ടായിരുന്ന ചിത്രങ്ങളെല്ലാം ആ വിധത്തില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കളര്‍ ഫോട്ടോഗ്രാഫി വന്നതിന് ശേഷമുള്ള ചിത്രങ്ങള്‍ക്ക് വര്‍ണം നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ബസ് സ്റ്റാന്റ് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. എം രാജഗോപാല്‍ എംഎല്‍എ സംബന്ധിക്കും.
Next Story

RELATED STORIES

Share it