Second edit

ഗൃഹാതുരത്വം



ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ ധനാത്മകമായ ഊര്‍ജം നല്‍കുന്ന ഒന്നാണ് നൊസ്റ്റാള്‍ജിയ എന്ന് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ വെളിവാക്കുന്നു. നെസ്‌തോസ് (മടക്കയാത്ര), അല്‍ഗോസ് (വേദന) എന്നീ രണ്ടു പദങ്ങള്‍ വിലയിച്ചാണ് നൊസ്റ്റാള്‍ജിയ എന്ന ഗ്രീക്ക് വാക്കുണ്ടായത്. മലയാളത്തില്‍ നാം ഗൃഹാതുരത്വം എന്ന് തര്‍ജമ ചെയ്യുന്നു. ആതുരത്വം എന്ന മാനസികാവസ്ഥ അതില്‍ തന്നെയുണ്ട്. 17ാം നൂറ്റാണ്ടിലെ സ്വിസ് ഭിഷഗ്വരനായ ഡോ. ജോഹന്നാസ് ഹോഫര്‍ ആണ് ആദ്യമായി നൊസ്റ്റാള്‍ജിയ എന്ന വാക്ക് ഉപയോഗിച്ചത്. വേഗം കൂടിയ ഹൃദയമിടിപ്പ്, സങ്കടാധിക്യം, തലചുറ്റല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഫ്രഞ്ച്, ഇറ്റാലിയന്‍ നാവികരെ സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോവാന്‍ പ്രേരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിഷാദശമനത്തിന് നാര്‍കോട്ടിക് മരുന്നുകളും നല്‍കി. പ്രവാസികളിലാണ് ഗൃഹാതുരത്വം കൂടുതലായി കണ്ടുവരുന്നത്. ജോലിചെയ്യാനാവാതെ നാട്ടിലേക്കു മടങ്ങിപ്പോയവര്‍ എത്രയോ ഉണ്ട്. ജനിച്ചു വളര്‍ന്ന ദേശത്തെയും ആളുകളെയും വിട്ട് ജീവിക്കാനാവാത്ത അവസ്ഥ അവരെ വല്ലാതെ ഏകാകികളാക്കിക്കളയും. ചിലപ്പോള്‍ ഒരു ഗന്ധം, ഒരു സ്പര്‍ശം മതി ഭൂതകാലത്തിലേക്കു കൊണ്ടുപോവാന്‍. ചിലരെ ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താന്‍ അതു സഹായിക്കും. ഇതു വര്‍ത്തമാനകാല ജീവിതത്തെ കൂടുതല്‍ സാര്‍ഥകമായി ഭാവിയിലേക്കു നയിക്കും എന്നാണു പുതിയ കണ്ടെത്തല്‍. പോസിറ്റീവായ ഊര്‍ജം പ്രസരിപ്പിക്കുന്ന ഈ വികാരം പല സമൂഹങ്ങളിലും കണ്ടുവരുന്നു. ഓണം കേരളീയര്‍ക്കുണ്ടായിരുന്നുവെന്ന് നാമഭിമാനിക്കുന്ന ഒരു സുവര്‍ണകാലത്തെയാണല്ലോ ഓര്‍മിപ്പിക്കുക. ജനങ്ങളുടെ ഈ പ്രവണതയെ ചൂഷണം ചെയ്യാന്‍ ആധുനിക മാര്‍ക്കറ്റിങ് തന്ത്രം, ഗൃഹാതുരത്വമുണര്‍ത്തുന്ന പരസ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it