ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍

വരാപ്പുഴ: വീടുകയറി ആക്രമിച്ചതിനെത്തുടര്‍ന്ന് ഭീതിയിലായ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായി. വരാപ്പുഴ ദേവസ്വം പാടം കുളമ്പ് കണ്ടം (ചിട്ടിത്തറ) വീട്ടില്‍  കെ എം വാസുദേവന്‍ (56)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.  വരാപ്പുഴ ദേവസ്വം പാടം പുതുപ്പറമ്പില്‍ വീട്ടില്‍ ടി വി ബിനു (28), സൂര്യന്‍ പറമ്പില്‍ എസ് ജി വിനു (25), അക്കിച്ചാന്‍ മല്ലംപറമ്പ് വീട്ടില്‍ ശരത് (22), ചെട്ടി ഭാഗം ഭഗവതിപ്പറമ്പില്‍ ശ്രീക്കുട്ടന്‍ (31), ദേവസ്വം പാടം തൈക്കാട്ടുപ്പറമ്പില്‍ സുധി (26), മുളക്കാരന്‍ പറമ്പില്‍ എം എസ് വിനു (28), ഷേണായ് പ്പറമ്പില്‍ സജിത്ത് (25) സഹോദരന്‍ ശ്രിജിത്ത് (26), ഭഗവതിപ്പറമ്പില്‍ ഗോപന്‍ (34), ചുള്ളിക്കാട് വീട്ടില്‍ നിധിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. കേസില്‍ നാലുപേരെക്കൂടി പിടികിട്ടാനുണ്ട്. ഇവര്‍ ഒളിവിലാണ്. പിടിയിലായവര്‍ എല്ലാവരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. വെള്ളിയാഴ്ചയാണ് വാസുദേവന്‍ ജീവനൊടുക്കിയത്. ഉല്‍സവവുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സംഘം വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ മകന്‍ വിനീഷിന് വെട്ടേറ്റിരുന്നു. ഭാര്യ സീതയ്ക്കും മകള്‍ വിനീതയ്ക്കും മര്‍ദനമേറ്റിരുന്നു. ചെറുമകളായ 3 വയസ്സുകാരിയെ അക്രമികള്‍ എടുത്തറിഞ്ഞതായും പറയുന്നു.
ആക്രമണത്തിനെതിരേ പോലിസില്‍ പരാതി നല്‍കാനായി മകന്‍ വിനീഷും സീതയും പോയ സമയത്താണ് വാസുദേവന്‍ വീടിനുള്ളില്‍ തൂങ്ങിയത്. വാസുദേവന്റെ മൃതദേഹം  ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ സംസ്‌കാരിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ വരാപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തി.
Next Story

RELATED STORIES

Share it