Idukki local

ഗൃഹനാഥനെ മക്കളുടെ മുന്നില്‍ വെട്ടിക്കൊന്ന കേസ് ; അച്ഛനും മക്കള്‍ക്കും ജീവപര്യന്തം കഠിന തടവ്

തൊടുപുഴ: യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പെണ്‍മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസില്‍ അച്ഛനും മക്കള്‍ക്കും ജീവപര്യന്തം കഠിന തടവും പതിനായിരം രൂപവീതം പിഴയൊടുക്കാനും ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി കെ മധുകുമാര്‍ ശിക്ഷ വിധിച്ചു.
ഇടുക്കി അയ്യപ്പന്‍കോവില്‍ മേരികുളം പള്ളിപ്പറമ്പില്‍ തൊമ്മച്ചന്‍ എന്ന തോമസ്(71), മക്കളായ ബിജു തോമസ് (42), ജോസഫ് തോമസ് (39) എന്നിവരെയാണ് ശിക്ഷിച്ചത്. മേരികുളം മങ്കുഴി വീട്ടില്‍ മാര്‍ട്ടിനെ (43) യാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
2009 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട മാര്‍ട്ടിനും കേസിലെ ഒന്നാംപ്രതി ജോസഫുമായി അടുത്ത സൗഹൃദമായിരുന്നു. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജോസഫിന്റെ ഭാര്യ മാര്‍ട്ടിന്റെ വീടിനു സമീപം പുല്ല് വെട്ടാന്‍ വന്നു. ഈ സമയം മാര്‍ട്ടിന്‍ ഇവരെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതിന് പ്രതികാരമായാണ് മാര്‍ട്ടിനെ കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന ദിവസം വൈകീട്ട് മാര്‍ട്ടിനും മക്കളായ അഥീന (23) അതുല്യ (21) ജോലിക്കാരന്‍ തോമസ് (36)എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ട്ടിന്റെ ഭാര്യ എറണാകുളത്ത് ജോലിസ്ഥലത്തായിരുന്നു. രാത്രി 11.30യോടെ മാര്‍ട്ടിന്റെ വീടിന് സമീപം എത്തിയ പ്രതികള്‍ ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മാര്‍ട്ടിന്റെ മക്കളായ അഥീനയും അതുല്യയും സ്ഥലത്തെത്തി. ഇവരെ പ്രതികള്‍ വടിവാള്‍ കാട്ടി വിരട്ടിയോടിക്കു കയും പിന്നീട് ജീപ്പില്‍ കയറി രക്ഷപെടുകയുമായിരുന്നു.
സംഭവം അറിഞ്ഞ് ഉപ്പുതറ പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും മാര്‍ട്ടിന്‍ മരിച്ചു. പോലിസ് നടത്തിയ അന്വേഷണത്തില്‍ മൂവരെയും അറസ്റ്റ് ചെയ്തു. 44 സാക്ഷികളുടെ മൊഴി പോലിസ് ശേഖരിച്ചെങ്കിലും 28 സാക്ഷി മൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
മാര്‍ട്ടിന്റെ രണ്ട് പെണ്‍മക്കളും വീട്ടുജോലിക്കാരനായിരുന്ന തോമസും ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു കേസിലെ ദൃക്‌സാക്ഷികള്‍. കേസിനിടെ ഒളിവില്‍ പോയ സാക്ഷി തോമസി നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌പ്രോസിക്യൂട്ടര്‍ നൂര്‍സമീര്‍ ഹാജരായി.
Next Story

RELATED STORIES

Share it