thrissur local

ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ബോംബ് ജിജോ അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കനാല്‍ ബേസ് കോളനിയില്‍ മോന്ത ചാലില്‍ വിജയനെ വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതിയെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ(27)യാണ് അറസ്റ്റിലായത്.
കണ്ണൂര്‍ തില്ലങ്കേരിക്കു സമീപമുള്ള മുടക്കുഴി മലയുടെ മുകളില്‍ നിന്നാണ് ബോംബുനിര്‍മാണത്തില്‍ വിദഗ്ധനായ ബോംബ് ജിജോയെ സാഹസികമായി പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. മുട്ടക്കുന്ന് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട മലയിലെ ഒളി സങ്കേതത്തില്‍ നിന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ്സ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തലവന്‍ സിഐ എം കെ സുരേഷ് കുമാറാണ് ജിജോയെ പിടികൂടിയത്.
പുതുക്കാട്, കൊടകര, എന്നീ സ്‌റ്റേഷനുകളില്‍ എക്‌സ്‌പ്ലോസീവ് നിയമ പ്രകാരവും, ആംസ് ആക്ട് പ്രകാരവുമുള്ള നിരവധി കേസ്സുകളും ജിജോയ്‌ക്കെതിരെയുണ്ട്. അര്‍ധരാതിയില്‍ പോലിസ് വളഞ്ഞതായി മനസ്സിലാക്കിയ ജിജോ ആയുധവുമായി പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം പ്രതിയെ കീഴടക്കുകയായിരുന്നു.
27 വയസ്സിനുള്ളില്‍ 37 കേസ്സുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പുല്ലത്തറയില്‍ നിന്നും കണ്ടെത്തിയ ബോംബുകളും, മാരക സ്‌ഫോടക ശേഷിയുള്ള വെടിമരുന്നുകളും, ഡിറ്റനേറ്ററുകളും തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. കണ്ണൂരിലെ സുഹൃത്തുക്കളില്‍ നിന്നും നാടന്‍ ബോംബ് നിര്‍മിക്കൂന്നതിനുള്ള പ്രവീണ്യം നേടിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം സ്വന്തമായി നിര്‍മിച്ച ബോംബുമായി മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ ബോംബ് താഴെ വീണ് പൊട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതുക്കാട് സ്‌റ്റേഷനില്‍ കേസുണ്ട്. തൃശൂര്‍ ജില്ലയില്‍ ക്രിമിനല്‍ കേസില്‍ പെട്ടുകഴിഞ്ഞാല്‍ കണ്ണൂരിലേക്ക് ഒളിവില്‍ പോവുന്നതാണ് ഇയാളുടെ പതിവ് രീതി.







Next Story

RELATED STORIES

Share it