ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മകനെ ആക്രമിക്കാനെത്തിയ സംഘം ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കരുവന്നൂര്‍ സ്വദേശി കറുകപ്പറമ്പില്‍ വീട്ടില്‍ അഭിനന്ദ് (20), കിഴുത്താണി സ്വദേശി പുളിക്കല്‍ വീട്ടില്‍ സാഗവ്(19) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
ഇന്നലെ അറസ്റ്റിലായ അഭിനന്ദ് നാലു കൊലപാതകക്കേസുകളില്‍ പ്രതിയാണ്. മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ചെട്ടിപറമ്പില്‍ കനാല്‍ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22), കരണക്കോട്ട് അര്‍ജ്ജു ന്‍(18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22), കാറളം സ്വദേശി ദിലീഷ് (20) എന്നിവരും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് കഴിഞ്ഞദിവസം പോലിസ് പിടിയിലായത്. 10 പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായി ഒമ്പതു പേരും ഒരാള്‍ വീട് കാണിക്കാനെത്തിയതുമാണ്. ഇവരില്‍ ഏഴു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ട വിജയന്റെ ബന്ധുവാണ്. സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന രഞ്ജിത്തിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളിലേക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങളും പോലിസ് നടത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വിജയന്റെ സംസ്‌കാരം ഇന്നലെ വടൂക്കര ശ്മശാനത്തില്‍ നടത്തി.
ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. സംഭവം നടന്നയുടനെ ഇരിങ്ങാലക്കുട എസ്‌ഐ കെ സുശാന്തിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയതോടെയാണ് പ്രതികളെ പെട്ടെന്നു പിടികൂടാനായത്. പ്രതികള്‍ മുമ്പ് കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കഞ്ചാവ് മാഫിയകളുമായും ഗുണ്ടാ തലവന്‍മാരുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച രാത്രി 10.30 ഓടെയാണു സംഭവം. വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടത്തിയിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവച്ചത്. രാത്രി 10മണിയോടെ വിനീതിനെ അന്വേഷിച്ച് ഗുണ്ടാസംഘം വീട്ടിലെത്തി. വാതില്‍ തുറന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബികയ് (52)ക്കും ഭാര്യാ മാതാവ് കൗസല്യ (83) ക്കും പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it