Editorial

ഗൂഢാലോചനയെന്ന ഉമ്മാക്കി കാട്ടി ജനങ്ങളെ പറ്റിക്കരുത്‌

റഫേല്‍ പോര്‍വിമാന ഇടപാടില്‍ കോണ്‍ഗ്രസും ഇതര പ്രതിപക്ഷകക്ഷികളും ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങളോടുള്ള ബിജെപിയുടെ പ്രതികരണം ഏറെ അന്തസ്സാരശൂന്യമാണെന്ന് മാത്രമേ പറയാന്‍ പറ്റൂ. റിലയന്‍സിനെ കരാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മോദി സര്‍ക്കാരാണെന്നും അതിനാല്‍ തങ്ങള്‍ക്ക് മറ്റു വഴിയില്ലായിരുന്നുവെന്നും പറയുന്നത് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദാണ്.
രാഹുല്‍ഗാന്ധിയും ഹൊളാന്‍ദും ചേര്‍ന്നു നടത്തിയ അന്താരാഷ്ട്ര ഗൂഢാലോചനയാണത് എന്ന ബിജെപി നേതാക്കളുടെ മറുവാദം സാമാന്യബുദ്ധിയുള്ളവര്‍ക്കു മുന്നില്‍ വിലപ്പോവില്ല. ഇടപാടിലേക്ക് രാഹുല്‍ഗാന്ധിയുടെ സഹോദരീഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും മറ്റും വലിച്ചിഴച്ചുകൊണ്ടുവരുന്നതും ഫലംചെയ്യാന്‍ ഇടയില്ല. ഹൊളാന്‍ദ് തന്റെ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നായിരുന്നു ആദ്യം ബിജെപി നേതാക്കളുടെ വാദം. എന്നാല്‍, അതു വസ്തുതാവിരുദ്ധമാണെന്നും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ചില വിശദീകരണങ്ങള്‍ നല്‍കുക മാത്രമായിരുന്നുവെന്നും തെളിഞ്ഞു. അതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായുള്ള കൂട്ടുകെട്ടെന്നും ഗൂഢാലോചനയെന്നും മറ്റും പറഞ്ഞ് തടിതപ്പാനുള്ള ശ്രമം. അതിനിടയില്‍ പാകിസ്താനുമായി ചേര്‍ന്ന് രാഹുല്‍ഗാന്ധി ഗൂഢാലോചന നടത്തുകയാണെന്നും പറഞ്ഞു ചില നേതാക്കള്‍. ഉത്തരവാദപ്പെട്ട നേതാക്കളാണ് ഇങ്ങനെയെല്ലാം പറയുന്നതെന്നോര്‍ക്കണം. കേന്ദ്രസര്‍ക്കാരിന് എതിരായുള്ള എല്ലാ നിലപാടുകളെയും രാജ്യദ്രോഹവുമായി കൂട്ടിക്കെട്ടാനുള്ള ആസൂത്രിതമായ ശ്രമമാണ് കുറച്ചുകാലമായി രാജ്യത്തു നടക്കുന്നത്. വിയോജിപ്പിന്റെ സ്വരങ്ങളെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളായി ചിത്രീകരിക്കുന്ന ഈ പ്രവണതയില്‍ വളരെയധികം അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അത് അതീവ ഗൗരവത്തോടെ കാണണം.
ആയുധ ഇടപാടുകളില്‍ നടക്കുന്ന അഴിമതികള്‍ തുടര്‍ക്കഥകളായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയും. ബോഫോഴ്‌സ് ഇടപാടുകള്‍ ചൂണ്ടിക്കാട്ടി കാടിളക്കിയ ബിജെപിക്കാര്‍ക്ക് പക്ഷേ, റഫേലിന്റെ കാര്യം വരുമ്പോള്‍ വാദം വേറെയൊന്ന് എന്നതാണ് വിചിത്രം. ബോഫോഴ്‌സില്‍ അഴിമതിയുണ്ടെന്നു പറയുന്നവര്‍ക്ക് റഫേലിലെ അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഗൂഢാലോചനയും ദേശവിരുദ്ധ പ്രവൃത്തിയുമായി മാറുന്നതെങ്ങനെ? കേന്ദ്രസര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തിന് പ്രശ്‌നം വിട്ടുകൂടാ? കോണ്‍ഗ്രസ് വേറെയും ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയോ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെയോ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെടുന്നത് അതിന്റെ ഭാഗമായാണ്. ഇത്തരം അന്വേഷണങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി രാജ്യദ്രോഹമെന്നും പാകിസ്താന്‍ ബന്ധമെന്നും മറ്റും പറഞ്ഞ് യഥാര്‍ഥ പ്രശ്‌നത്തെ തമസ്‌കരിക്കുന്നതിന്റെ പൊരുള്‍ ലോകം തിരിച്ചറിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മോദിക്കും കൂട്ടര്‍ക്കും എത്രകാലം നാട്ടുകാരെ പറ്റിക്കാന്‍ സാധിക്കും?

Next Story

RELATED STORIES

Share it