ഗൂഗ്ള്‍ നികുതി പ്രാബല്യത്തില്‍

മുംബൈ: ധനമന്ത്രാലയം പുതുതായി ഏര്‍പ്പെടുത്തിയ തുല്യതാ നികുതി (ഗൂഗ്ള്‍ ടാക്‌സ്) പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് ഓണ്‍ലൈനായി പരസ്യവിപണി നടത്തുന്ന ഗൂഗ്ള്‍, ഫേസ്ബുക്ക്, യാഹു, ട്വിറ്റര്‍ തുടങ്ങിയവയ്ക്കാണ് നികുതി ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനായി നടത്തുന്ന ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് ആറു ശതമാനമാണ് സര്‍ക്കാര്‍ ചുമത്തുന്ന നികുതി. ഇതിനുപുറമെ ഓണ്‍ലൈനായുള്ള മറ്റു സേവനങ്ങള്‍ക്കും നികുതി ചുമത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. ഇതിനായി ധനമന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നു.
ഓണ്‍ലൈന്‍ ഡിസൈനിങ്, വെബ് ഹോസ്റ്റിങ്,വെബ്‌സൈറ്റ് പരിപാലനം, പാട്ട്, സിനിമ, പുസ്തകം, കളികള്‍ എന്നിവ ഓണ്‍ലൈനില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കല്‍ എന്നിവയ്ക്കും നികുതി ചുമത്താമെന്നാണ് ഈ സമിതി നിര്‍ദേശിച്ചിരുന്നത്.
നികുതിവിധേയമായ സേവനത്തിന്റെ മൂലത്തില്‍ ചുമത്തുന്ന 0.5% കൃഷികല്യാണ്‍ സെസും ഇന്ന് നിലവില്‍ വരും. ഇതോടെ ടെലികോം, ബാങ്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും റെയില്‍, വിമാന ടിക്കറ്റുകള്‍ക്കും എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണത്തിനും ചെലവേറും. നികുതി നല്‍കേണ്ട എല്ലാ സേവനത്തിനും പുതിയ സെസ് ബാധകമാണ്. മോദി സര്‍ക്കാര്‍ 2015ലെ ബജറ്റിനു ശേഷമാണ് 12.36% ഉണ്ടായിരുന്ന സേവനനികുതി 14 ശതമാനമാക്കിയത്.
നവംബറില്‍ സ്വച്ഛ്ഭാരത് സെസ് .5 ശതമാനം കൂട്ടി ഇത് 14.5 ശതമാനമായി. കൃഷികല്യാണ്‍ സെസ്സോടെ ഇത് 15 ശതമാനത്തിലെത്തി. ഇനി ഉല്‍പന്ന സേവന നികുതി കൂടി വരുന്നതോടെ മൊത്തം നികുതി 18 ശതമാനത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it