ഗുല്‍ബര്‍ഗ നഴ്‌സിങ് കോളജിലെ റാഗിങ്; നീതി പ്രതീക്ഷിച്ച് പെണ്‍കുട്ടിയുടെ കുടുംബം

പൊന്നാനി: എടപ്പാളിലെ ദലിത് പെണ്‍കുട്ടിയെ കര്‍ണാടകയിലെ നഴ്‌സിങ് കോളജില്‍ ക്രൂരമായ റാഗിങിന് വിധേയമാക്കിയ അഞ്ചു പെണ്‍കുട്ടികള്‍ക്കെതിരേ കേസെടുത്തതോടെ തങ്ങള്‍ക്കു നീതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. നീതി തേടി ഏതറ്റം വരെയും പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ ജാനകിയും അമ്മാവനും പറഞ്ഞു.
ദലിത് പെണ്‍കുട്ടിയെ റാഗ് ചെയ്തത് അന്വേഷിക്കാന്‍ കര്‍ണാടകയില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വനിതാ ഡിവൈഎസ്പി എസ് ജാനകിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഗുല്‍ബര്‍ഗ എസ്പി എന്‍ ശശികുമാര്‍ റാഗിങ് നടന്ന കോളജിലെത്തി മൊഴിയെടുത്തു. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ഹോസ്റ്റലിലാണ് എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19) റാഗിങിന് ഇരയായത്. സംഭവത്തില്‍ അഞ്ചു മലയാളി പെണ്‍കുട്ടികളെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് കര്‍ണാടകയിലേക്ക് തിരിച്ചു.
വിവസ്ത്രയായി നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണു മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദലിത് വിദ്യാര്‍ഥിനി പറയുന്നു.
ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അശ്വതിയെ കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥിനികളായ എട്ടുപേര്‍ ചേര്‍ന്നു ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിക്കുകയായിരുന്നു. അതിക്രൂരമായ റാഗിങിന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോലിസെത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുപോയി.
വീണ്ടും മൊഴിയെടുക്കാന്‍ എത്തുമെന്ന സൂചനയെത്തുടര്‍ന്നു മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു പറയുന്നു. പിന്നീടാണ് സഹപാഠികള്‍ക്കൊപ്പം നാട്ടിലെത്തി ചികില്‍സ തേടിയത്. ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിഷേധം ശക്തമായി. കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കോളജ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല. കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it