ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ്: വിധി ഇന്ന്

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക എസ്‌ഐടി കോടതി ഇന്നു വിധി പറഞ്ഞേക്കും. മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്‌രി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്. വിചാരണ പൂര്‍ത്തിയായി എഴ് മാസത്തിനു ശേഷമാണ് കേസില്‍ വിധിവരുന്നത്. 2015 സപ്തംബര്‍ 22നാണ് വിചാരണ പൂര്‍ത്തിയായത്. മെയ് 31നകം വിധി പറയണമെന്ന് കേസിന് മേല്‍നോട്ടം വഹിച്ച സുപ്രിംകോടതി എസ്‌ഐടി കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി കേസില്‍ ഇന്ന് വിധി പറയുമെന്നാണ് സൂചന. കേസില്‍ 66 പ്രതികളുണ്ട്. ഇതില്‍ ഒമ്പതു പേര്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലിലാണ്. ബാക്കിയുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതികളിലൊരാള്‍ സിറ്റിങ് ബിജെപി നഗരസഭാംഗം ബിപിന്‍ പട്ടേലാണ് കൂട്ടക്കൊല നടക്കുമ്പോഴും ഇയാള്‍ നഗരസഭാംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി നാലാംതവണയാണ് പട്ടേല്‍ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നിരപരാധിത്വം തെളിയിക്കുന്നതിന് തങ്ങളെ നാര്‍കോ അനാലിസിസിനും ബ്രയിന്‍ മാപ്പിങിനും വിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ നാരായണ്‍ താങ്ക്, ബാബു റാത്തോഡ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞയാഴ്ച കോടതി തള്ളിയിരുന്നു. കേസില്‍ വിധി ആസന്നമായിരിക്കെ, അത്തരം പരിശോധന ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് വിചാരണയ്ക്കിടെ ഇരകളുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, ഗൂഢാലോചനയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഇഹ്‌സാന്‍ ജാഫ്‌രി നിരവധി തവണ വെടിവച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായതെന്നാണ് അവരുടെ വാദം. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച എസ്‌ഐടി അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്. 2002ല്‍ 58 കര്‍സേവകര്‍ മരിക്കാനിടയായ ഗോധ്ര തീവണ്ടി ദുരന്തം നടന്നതിന്റെ പിറ്റേ ദിവസമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൂട്ടക്കൊല നടന്നത്.
Next Story

RELATED STORIES

Share it