ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം

കെ എ സലിം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്‌സഭാംഗം ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേര്‍ കൊലപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്ക് ജീവപര്യന്തം. മറ്റു പ്രതികളായ 13 പേരില്‍ ഒരാള്‍ക്ക് 10 വര്‍ഷം തടവും വിഎച്ച്പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 12 പേര്‍ക്ക് ഏഴുവര്‍ഷം തടവും വിധിച്ചു. 2002 ഫെബ്രുവരി 28നായിരുന്നു സംഭവം.
ഏഴുവര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ അഹ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി ആണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, നിയമവിരുദ്ധമായി സംഘംചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു നടപടി.
ശിക്ഷ സംബന്ധിച്ച് ദിവസങ്ങളോളം വാദം കേട്ടശേഷമാണു വിധി പുറപ്പെടുവിച്ചത്. കൈലാഷ് ദോബി, യോഗേന്ദ്ര സിന്‍ഹ ഗെയ്ഖ്‌വാദ്, ജയേഷ് കുമാര്‍ ജിന്‍ഗാര്‍, ജയേഷ് പാര്‍മര്‍, കൃഷ്ണകുമാര്‍ കലാല്‍, രാജു തിവാരി, നരന്‍ ടാങ്, ലക്ഷണ്‍സിന്‍ഹ് ചുദാസമ, ദിനേശ് ശര്‍മ, ഭാരത് രാജ്പുത്ത്, ഭാരത് ശീതള്‍ പ്രസാദ് എന്നിവരാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍. മംഗിലാലിനാണ് 10 വര്‍ഷം തടവ്. അതുല്‍ വൈദ്യ, സുരേന്ദ്ര സിന്‍ഹ്, ദിലീപ് പാര്‍മര്‍, ബാബു മാര്‍വാഡി, സന്ദീപ് സോനു, മനീഷ് ജെയിന്‍, ധര്‍മേശ് ശുക്ല, അല്‍പേഷ് ജിന്‍ഗാര്‍, പ്രകാശ് പടിയാര്‍, മുകേഷ് പോക്‌രാജ്, കപില്‍ മിശ്ര, ദയാബായ് ദോബി എന്നിവര്‍ക്കാണ് ഏഴുവര്‍ഷം തടവ്.
ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വധശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സി കോദേല്‍ക്കര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പെട്ടെന്നുള്ള പ്രകോപനമാണ് കൊലയിലേക്കു നയിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ സമൂഹത്തിനു ഭീഷണിയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വധശിക്ഷ നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരോട് ഒരു ദയയും കാട്ടേണ്ടതില്ലെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it