ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: വിധി നിരാശാജനകം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: അഹ്മദാബാദ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പ്രത്യേക കോടതിവിധി നിരാശാജനകവും കൊല്ലപ്പെട്ട 69 നിരപരാധികളോടുള്ള അനീതിയുമാണെന്ന് കോഴിക്കോട് ചേര്‍ന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 2002ലെ ഗുജറാത്ത് വംശഹത്യക്കിടയില്‍ നടന്ന മനസ്സ് മരവിപ്പിച്ച സംഭവമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല.
പ്രമുഖ നേതാക്കളടങ്ങിയ ഹിന്ദുത്വസംഘം പ്രദേശവാസികളായ 69 പേരെ വെട്ടിയും തീക്കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയും ഇരകളില്‍പ്പെടും. എന്നിട്ടും പ്രതികളില്‍ 24 പേരെ മാത്രം കുറ്റക്കാരായി കണ്ടെത്തുകയും 36 പേരെ വെറുതെവിടുകയും ചെയ്തത് അനീതിയാണ്. കേസില്‍ നീതി ലഭ്യമാക്കാന്‍ നിയമപോരാട്ടം നടത്തുന്നവര്‍ക്ക് പോപുലര്‍ ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചു. മുസ്‌ലിം കാലിക്കച്ചവടക്കാര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ യോഗം ഉത്ക്കണ്ഠപ്പെട്ടു. രാജസ്ഥാനിലെ പ്രതാപ്ഗറില്‍ നടന്ന അത്തരം ഒരു സംഭവത്തില്‍ മുസ്‌ലിം യുവാക്കളെ ഒരു സംഘം അക്രമികള്‍ പോലിസ് നോക്കിനില്‍ക്കേ നഗ്‌നരാക്കി മര്‍ദ്ദിച്ചു. എന്നാല്‍, അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം ഇരകള്‍ക്കെതിരേ മൃഗപീഡനക്കുറ്റം ചുമത്തുകയാണ് പോലിസ് ചെയ്തത്. ഇത്തരത്തില്‍ പെരുമാറുന്ന ഉദ്യോഗസ്ഥരാണ് മൃഗങ്ങളുടെ പേരില്‍ മനുഷ്യര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതെന്നും യോഗം വിലയിരുത്തി.
അയോധ്യയില്‍ നടന്ന ബജ്‌രംഗ്ദള്‍ ആയുധപരിശീലനത്തെ യോഗം അപലപിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളുടെയും വിദ്വേഷപ്രചാരണത്തിന്റെയും നീണ്ട ചരിത്രമുള്ള അക്രമിസംഘമാണ് ബജ്‌രംഗ്ദള്‍. രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം സംഘങ്ങളെ നിരായുധീകരിച്ച് മതന്യൂനപക്ഷങ്ങളെ സുരക്ഷിതരാക്കാന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, ഇ എം അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ വാഹിദ് സേഠ്, മുഹമ്മദ് റോഷന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it