ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: നീ ഇതുവരെ ചത്തില്ലേ? മോദി ജഫ്‌രിയോടു ചോദിച്ചു

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: നീ ഇതുവരെ ചത്തില്ലേ? മോദി ജഫ്‌രിയോടു ചോദിച്ചു
X
_modi-let

ന്യൂഡല്‍ഹി: കൊലയാളികളില്‍ നിന്നു രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ കൈവിട്ടുപോയത് തന്റെ ജീവിതമാണെന്ന് രൂപാബെഹന്‍ മോദി പറയുന്നു. 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടില്‍ അഭയം തേടിയവരില്‍ ഒരാളായിരുന്നു രൂപാബെഹനും മകളും മകന്‍ അഷ്ഹറും. രക്ഷപ്പെടുന്നതിനിടെ കാണാതായ അഷ്ഹറിനെ തേടിയ രൂപയുടെ കഥയാണ് പിന്നീട് പര്‍സാനിയ എന്ന സിനിമയായത്. അന്ന് സൊസൈറ്റിയിലെ വീടുകളെല്ലാം കത്തുകയായിരുന്നുവെന്ന് രൂപാബെഹന്‍ പറയുന്നു. എല്ലാവരും ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടിലാണ് അഭയം തേടിയിരുന്നത്.
മക്കളുടെ കൈപിടിച്ച് താനും അങ്ങോട്ടോടി. നാലായിരത്തിലധികം വരുന്ന അക്രമികളായിരുന്നു സൊസൈറ്റി വളഞ്ഞത്. തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സഹായം തേടി ജഫ്‌രി നരേന്ദ്ര മോദിയെ വിളിച്ചു. നിരന്തരം വിളിച്ചശേഷമാണ് മോദി ഫോണെടുത്തത്. നീ ഇതുവരെ ചത്തിട്ടില്ലേയെന്നായിരുന്നു മോദിയുടെ മറുചോദ്യമെന്ന് അവര്‍ പറയുന്നു. ജഫ്‌രിയുടെ വീടിന്റെ മുകള്‍നിലയിലേക്ക് അക്രമിസംഘം കയറിവരുന്നതു കണ്ടു. അതോടെയാണ് ജഫ്‌രി താഴെയിറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചത്. ഇറങ്ങിച്ചെന്ന ജഫ്‌രിയെ അവര്‍ വലിച്ചുകൊണ്ടുപോവുന്നതും കൈകാലുകള്‍ വെട്ടിമാറ്റുന്നതും പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതും തങ്ങള്‍ക്കു കാണാമായിരുന്നു. അതോടെ പോവാന്‍ ഇനി വേറെ സ്ഥലമില്ലെന്ന് തങ്ങള്‍ക്കു മനസ്സിലായി.
വീട്ടില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങിയോടി. ചുറ്റും തീയും മൃതദേഹങ്ങളുമായിരുന്നു. അക്രമികളുടെ കൈയില്‍പ്പെടാതെ മൂന്നുപേരും കൈകള്‍ കോര്‍ത്തുപിടിച്ചായിരുന്നു ഓട്ടം. മകളായിരുന്നു അഷ്ഹറിന്റെ കൈ പിടിച്ചിരുന്നത്. വഴിയിലൊരു മൃതദേഹത്തില്‍ തട്ടി ഞാന്‍ ബോധംകെട്ടു വീണു. മകള്‍ അഷ്ഹറിനെ വിട്ട് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. മുഖം പൊള്ളിയതായി അപ്പോള്‍ ഞാനറിഞ്ഞു. അഷ്ഹര്‍ അപ്പോഴേക്കും കൈവിട്ടുപോയിരുന്നു. തങ്ങള്‍ ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് പാഞ്ഞുകയറി. മറ്റൊരു കെട്ടിടത്തിനു മുകളില്‍ നിന്ന പോലിസുകാരന്‍ ഞങ്ങള്‍ക്കു നേരെ കല്ലെറിയുന്നുണ്ടായിരുന്നു.
ആസിഡ് നിറച്ച കുപ്പികള്‍, കത്തിച്ച ടയറുകള്‍, തീഗോളങ്ങള്‍ തുടങ്ങിയവ മഴപോലെ തങ്ങള്‍ക്കു നേരെ പാഞ്ഞുവന്നു. ആളുകള്‍ അലറിക്കരയുന്നതിന്റെയും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കാമായിരുന്നു.
ഒരു കൊച്ചുപെണ്‍കുട്ടി തൊട്ടപ്പുറത്ത് ബോധംകെട്ടുവീണു. അവളെ സഹായിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, എന്റെ കൈകാലുകള്‍ വെന്തുപോയിരുന്നു. എന്റെ മകന്‍ കൂടെയില്ലെന്ന് ഞാനറിഞ്ഞു. ടെറസില്‍ ഒളിച്ചിരിക്കുന്ന തങ്ങളെ കാണുമെന്നു ഭയന്ന മറ്റുള്ളവര്‍ അവനെത്തേടി പോവാനാഞ്ഞ തന്നെ തടഞ്ഞെന്നും രൂപാബെഹന്‍ പറയുന്നു. അഷ്ഹറിനെ തേടിയുള്ള അലച്ചിലായിരുന്നു പിന്നീട്. കാണാതാവുമ്പോള്‍ 14 വയസ്സായിരുന്നു അവന്. 10 മാസം മുമ്പ് കേരളത്തില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. അവര്‍ക്കൊപ്പം ഒരു ഗുജറാത്തി അനാഥബാലനുണ്ടെന്നും അത് അഷ്ഹറാണോയെന്നുമായിരുന്നു ചോദ്യം. എന്നാലത് അവനായിരുന്നില്ലെന്നും രൂപാബഹന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it