ഗുല്‍ബര്‍ഗ് കേസ്: ശിക്ഷാ പ്രഖ്യാപനം വീണ്ടും മാറ്റി

ന്യൂഡല്‍ഹി: ഗുജറാത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതു വീണ്ടും മാറ്റി. ശിക്ഷാവിധിയിന്‍മേലുള്ള വാദം പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്നാണിത്. വാദം ഇന്നും തുടരും. തുടര്‍ന്നായിരിക്കും ശിക്ഷവിധിക്കുന്ന തിയ്യതി പ്രഖ്യാപിക്കുക.
കഴിഞ്ഞ ആറിനു ശിക്ഷ പ്രഖ്യാപിക്കേണ്ടതായിരുന്നെങ്കിലും ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാവാത്തതിനാല്‍ അഹ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി ഒമ്പതിലേക്കു മാറ്റിയിരുന്നു. വാദം ഇന്നലെയും പൂര്‍ത്തിയാവാത്ത പശ്ചാത്തലത്തിലാണു വീണ്ടും മാറ്റിയത്. മുന്‍ കോണ്‍ഗ്രസ് എംപിഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തി കഴിഞ്ഞ രണ്ടിനാണു പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്.
ഇവരില്‍ 11 പേര്‍ക്കെതിരേ മാത്രമാണു കൊലക്കുറ്റം കണ്ടെത്തിയത്. ശേഷിക്കുന്ന 13 പേര്‍ക്കെതിരേ തീവയ്പ്, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ ചെറിയ കുറ്റങ്ങളും കണ്ടെത്തി. പ്രതികളില്‍ 36 പേരെ കോടതി വെറുതെവിടുകയും ചെയ്തു.
Next Story

RELATED STORIES

Share it