ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ഗുജറാത്ത് കലാപ പരമ്പരയിലെ രണ്ടാമത്തെ ഭീകരസംഭവം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച പ്രത്യേകസംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല. വംശഹത്യക്കിടെയുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ ഭീകരസംഭവം. ഫെബ്രുവരി 28നാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. 29 വലിയ ബംഗ്ലാവുകളും 10 ഫഌറ്റുകളുമടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരില്‍ മിക്കവരും മുസ്‌ലിം കുടുംബങ്ങളായിരുന്നു. 20,000ഓളം വരുന്ന അക്രമികള്‍ മണിക്കൂറുകളോളം ഉപരോധിച്ചശേഷമാണ് കൃത്യം നടപ്പാക്കിയത്. 39 മൃതദേഹങ്ങള്‍ മാത്രമാണ് സംഭവസ്ഥലത്തുനിന്നു കണ്ടെത്താനായത്. 30 പേരെ കാണാതായി. എന്നാല്‍, കാണാതായവരെയെല്ലാം കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
കേസില്‍ 66 പ്രതികളുണ്ടായിരുന്നു. ഇവരില്‍ 24 പേരെയാണ് 14 വര്‍ഷത്തെ നിയമനടപടികള്‍ക്കുശേഷം കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം (എസ്‌ഐടി) അന്വേഷിച്ച കേസില്‍ ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെ വെറുതെവിടുകയും ചെയ്തു.
കുറ്റക്കാരായ 24 പേരില്‍ 11 പേര്‍ക്കെതിരേ 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയപ്പോള്‍ 13 പേര്‍ക്കെതിരേ നിസ്സാര വകുപ്പുകളാണു ചുമത്തിയത്.
Next Story

RELATED STORIES

Share it