ഗുലാം അലി കേരളത്തില്‍ പാടുന്നതു തടയും: ശിവസേന

കൊച്ചി/തിരുവനന്തപുരം: പാക് ഗായകന്‍ ഗുലാം അലിയെ കേരളത്തില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വരലയ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കോഴിക്കോട്ടും കൊച്ചിയിലുമാണ് ഗുലാം അലി പാടുന്നത്.
പരിപാടി സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നു സിപിഎം പിന്‍മാറണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പരിപാടിക്കെതിരേ 15 മുതല്‍ 17 വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനോടും മറ്റു സൈനികരോടും ആദരവു പ്രകടിപ്പിക്കാന്‍ ഇവര്‍ തയ്യാറാവണം. അതിര്‍ത്തിയില്‍ ജവാന്മാര്‍ വെടിയേറ്റു മരിക്കുമ്പോള്‍ ആരെ തൃപ്തിപ്പെടുത്താനാണ് പാക് ഗായകന്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കണം. അസഹിഷ്ണുതയ്‌ക്കെതിരേയാണ് പരിപാടിയെന്നാണ് സിപിഎം നേതാവ് എം എ ബേബി പറഞ്ഞത്. എഴുത്തുകാരിയായ തസ്‌ലീമ നസ്‌റീന്‍ ഭീഷണി നേരിട്ടപ്പോള്‍ അവരുടെ പുസ്തകം നിരോധിക്കുന്നതിനെതിരേ പ്രതികരിക്കാത്തവരാണ് സിപിഎമ്മും എം എ ബേബിയും. ഇന്ത്യയില്‍ ഇനി പാടില്ലെന്നു പ്രഖ്യാപിച്ച ഗുലാം അലിയെ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. ധീരസൈനികരെ മറന്നുകൊണ്ട് ഗുലാം അലിയുടെ സംഗീത പരിപാടി നടത്തുന്നതിനെതിരേ ശിവസേനയുടെ നേതൃത്വത്തില്‍ 16നും 17നും സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. ഗുലാം അലിയുടെ കോലം കത്തിക്കും. ഇന്നു ധീരജവാന്‍മാരുടെ ബലികുടീരങ്ങളില്‍ പുഷ്പാര്‍ച്ചനയും രാഷ്ട്രരക്ഷാ പ്രബോധനയാത്രയും നടത്തുമെന്നും ശിവസേന തിരുവനന്തപുരം ജില്ല പ്രസിഡന്റ് പെരിങ്ങമല അജി, ഊരുട്ടുകാല അനില്‍ കുമാര്‍, കോട്ടുകാല്‍ ഷൈജു, രാമസുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. ശിവസേനയുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും സര്‍ക്കാര്‍ പത്രിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it