ഗുലാംഅലിയുടെ സംഗീതപരിപാടി റദ്ദാക്കിയ സംഭവം; ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച്ചലച്ചിത്ര പ്രവര്‍ത്തകര്‍

മുംബൈ/കൊല്‍ക്കത്ത/ന്യൂഡല്‍ഹി: ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രമുഖ പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയ സംഭവത്തെ അപലപിച്ച് ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തക ശബാന ആസ്മി, സംഗീത സംവിധായകരായ വിശാല്‍ ദാദ്‌ലാനി, ശേഖര്‍ രാവ്ജിലാനി (വിശാല്‍-ശേഖര്‍) തുടങ്ങിയവര്‍ ശിവസേനയുടെ നടപടിയെ വിമര്‍ശിച്ചു. പാകിസ്താനില്‍നിന്നുളളവരെ മുംബൈയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ശിവസേന ഗുലാം അലിയുടെ സംഗീത പരിപാടി വിലക്കിയത്.

പാകിസ്താനുമായി യുദ്ധത്തിലാണോയെന്നും മോശം നയതന്ത്രബന്ധമാണോ ആ രാജ്യമായിട്ടെന്നും ശബാനാ ആസ്മി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ചോദിച്ചു. എന്ത് അധികാരം ഉപയോഗിച്ചാണ് ഗുലാം അലിയെ വിലക്കിയതെന്നും അവര്‍ ചോദിച്ചു. ഗുലാം അലിയുടെ ഗാനം എല്ലാ രാഷ്ട്രീയത്തിനും മുകളിലാണെന്ന് വിശാല്‍ ദാദ്‌ലാനി അഭിപ്രായപ്പെട്ടു. വിലക്ക് നാണക്കേടാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഗീതത്തിന് അതിര്‍ത്തികളില്ലെന്ന് ശേഖര്‍ പ്രതികരിച്ചു. ഗുലാം അലിയുടെ സംഗീത പരിപാടിക്ക് കൊല്‍ക്കത്തയില്‍ ആതിഥ്യമരുളാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

സംഗീതത്തിന് അതിരുകളില്ലെന്ന് അവര്‍ പറഞ്ഞു.അതേസമയം, ഗുലാം അലിയെ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലാ- സംസ്‌കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്. ഗുലാം അലിയെ മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ സങ്കടമുണ്ടെന്നും സംഗീതത്തിന് അതിരുകളുണ്ടാവരുതെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it