Flash News

ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം; കംപ്യൂട്ടറുകളും വസ്ത്രങ്ങളും കവര്‍ന്നു



ചണ്ഡീഗഡ്: ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയില്‍ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാസൗദ തലവന്‍ ഗുര്‍മീത് റാംറഹീം സിങിന്റെ ഝാജറിലെ ആശ്രമത്തില്‍ മോഷണം. കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് 25നു ഗുര്‍മീത് ജയിലിലായപ്പോള്‍ അനുയായികള്‍ ഒഴിഞ്ഞുപോയ ആശ്രമത്തിലാണ് മോഷണം നടന്നത്. ഇവിടെ കാവല്‍ക്കാരനായി ഉണ്ടായിരുന്നയാള്‍ ശമ്പളം മുടങ്ങിയതോടെ ജോലിക്കു സ്ഥിരമായി വരാറില്ലായിരുന്നുവെന്നു പോലിസ് വ്യക്തമാക്കി. ഇദ്ദേഹം ഇന്നു രാവിലെ ആശ്രമത്തില്‍ എത്തിയപ്പോഴാണ് വാതിലുകളും ജനലുകളും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ആശ്രമത്തിലെ വിവിഐപികള്‍ക്കു വേണ്ടി തയ്യാറാക്കിയ മുറികളിലാണ് കവര്‍ച്ച നടന്നത്. ഇന്‍െവര്‍ട്ടര്‍, അതിന്റെ രണ്ടു ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, നാലു സിസിടിവി, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരിപ്പ് തുടങ്ങിയവയാണ് മോഷണം പോയത്. ഗുര്‍മീത് ജയിലിലായതോടെ ദേര സച്ചാസൗദയുടെ സിര്‍സയിലെ ആസ്ഥാനം ഉള്‍പ്പെടെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആശ്രമങ്ങള്‍ പോലിസ് പൂട്ടി മുദ്രവച്ചിരുന്നു. എന്നാല്‍, ഝാജറിലെ ആശ്രമം അടച്ചുപൂട്ടിയിരുന്നില്ല. അതേസമയം, പ്രാദേശിക ഭരണകൂടം ഇവിടെ പരിശോധന നടത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമം വിട്ടുപോയ അനുയായികളെ ഇവിടെ തങ്ങാനോ പരിപാടികള്‍ സംഘടിപ്പിക്കാനോ അനുവദിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it