thrissur local

ഗുരുവിന്റെ പിന്‍തുടര്‍ച്ചക്കാര്‍ മദ്യത്തിന്റെ കുത്തകക്കാരായത് അപമാനം: സ്വാമി അഗ്നിവേശ്

തൃശൂര്‍: മദ്യം വിഷമാണെന്ന് ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്‍തുടര്‍ച്ചക്കാര്‍ മദ്യത്തിന്റെ കുത്തക കൈയ്യടക്കി വെച്ചിരിക്കുന്നത് ഗുരുവിന് അപമാനമാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.
രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ച സംഘപരിവാര്‍ ഫാഷിസത്തിനെതിരെ സമരത്തിന്റെ സന്യാസം എന്ന സംവാദത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിന്റെ പാരമ്പര്യം ഹൈജാക്ക് ചെയ്ത് ആര്‍എസ്എസിനൊപ്പം ചേര്‍ക്കാനുള്ള ശ്രമം നാടിന് ഗുണം ചെയ്യില്ല. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുന്നത് ഭയാനകമായ അവസ്ഥയിലേയ്ക്കാണ് രാജ്യത്തെ എത്തിക്കുക. ഹിന്ദു മതമൗലികവാദം മറ്റ് മതസ്ഥര്‍ക്കല്ല മറിച്ച് ഹിന്ദുക്കള്‍ക്ക് തന്നെയാണ് ഭീഷണിയുയര്‍ത്തുകയെന്നും സ്വാമി അഗ്നിവേശ് ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രത്യയശാസ്ത്രമാണ് ബി ജെ പി നേതൃത്വത്തെ നയിക്കുന്നത്.
ഫാഷിസത്തിന്റെ എല്ലാ മുഖങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് കളങ്കം വരുത്തുന്ന പരാമര്‍ശങ്ങള്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോള്‍ കുറ്റകരമായ മൗനം പാലിച്ച് അത് പറഞ്ഞവരെ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്.
മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ വിശാലമായ നിലപാടുകളാണ് ലോകത്തിന്റെ നന്മയ്ക്ക് ആവശ്യമെന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. എന്‍എസ്‌യു പ്രസിഡന്റ് റോജി എം ജോണ്‍ യോഗം ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം മറന്ന ഫാഷിസത്തെക്കുറിച്ച് ഇന്ത്യന്‍ ജനതയെ ഓര്‍മ്മിപ്പിച്ചുവെന്നതാണ് ഒന്നര വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
ഫാഷിസം മുന്നോട്ടുവെയ്ക്കുന്ന കപട ദേശീയത രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറി വി ആര്‍ അനൂപ് അധ്യക്ഷത വഹിച്ചു. സിവിക് ചന്ദ്രന്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എഎം രോഹിത്, ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍, വൈസ് പ്രസിഡന്റ് ഒ.ജെ ജനീഷ്, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ സെക്രട്ടറി നിഖില്‍ ജോണ്‍, സ്വാഗതസംഘം കണ്‍വീനര്‍ എഎ മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it