ഗുരുവായൂര്‍ സീറ്റ് പിടിച്ചെടുക്കാന്‍ ബേബിജോണ്‍; നിലനിര്‍ത്താന്‍ അബ്ദുല്‍ ഖാദര്‍

കെ എം അക്ബര്‍

ചാവക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലെ എംഎല്‍എയെ മാറ്റി ഗുരുവായൂര്‍ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശ്രമം. രണ്ടു തവണ വിജയിച്ച കെ വി അബ്ദുല്‍ ഖാദറിനെ മാറ്റി സീറ്റ് പിടിച്ചെടുക്കാനാണ് നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ മുന്‍ സെക്രട്ടറിയുമായ ബേബിജോണ്‍ ശ്രമം ആരംഭിച്ചത്. നിയമസഭയിലേക്ക് രണ്ടു തവണ മല്‍സരിച്ചു വിജയിച്ച കെ വി അബ്ദുല്‍ഖാദറിനെതിരേ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കേയാണ് ബേബിജോണ്‍ ഗുരുവായൂര്‍ സീറ്റിനായി ചരടുവലി നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍നിന്നു മല്‍സരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്സിലെ പി എ മാധവനോട് ബേബിജോണ്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇത്തവണ മല്‍സരിച്ച് വിജയിക്കുകയും എല്‍ഡിഎഫ് അധികാരത്തിലേറുകയും ചെയ്താല്‍ മന്ത്രിയാകുമെന്ന ഉറപ്പിലാണ് ബേബിജോണ്‍ ഗുരുവായൂര്‍ നോട്ടമിട്ടിട്ടുള്ളത്.
ഇതേ സമയം രണ്ടു തവണ വിജയിച്ച കെ വി അബ്ദുല്‍ ഖാദര്‍ തന്നെ മൂന്നാമതും സ്ഥാനാര്‍ഥിയാവണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, കുറച്ചുകാലമായി കെ വി അബ്ദുല്‍ ഖാദറിനെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ കടുത്ത എതിര്‍പ്പാണുയര്‍ന്നിട്ടുള്ളത്. മണ്ഡലത്തില്‍ എംഎല്‍എ ഒരു വികസന പ്രവര്‍ത്തനവും നടത്തുന്നില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പോലും ഇതു സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു. കെ വി അബ്ദുല്‍ഖാദറിന് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ഉയരുന്ന ഇത്തരം ആരോപണങ്ങളെന്നാണ് ബേബിജോണുമായി ബന്ധമുള്ളവര്‍ പറയുന്നത്. തന്റെ തണലില്‍ പാര്‍ട്ടിയില്‍ വളര്‍ന്ന് പിന്നീട് എംഎല്‍എയായ അബ്ദുല്‍ ഖാദര്‍ ഇത്തവണ തനിക്കുവേണ്ടി സ്വയം ഒഴിഞ്ഞുമാറുമെന്നാണ് ബേബിജോണിന്റെ കണക്കു കൂട്ടല്‍. പാര്‍ട്ടി ഏരിയ സെക്രട്ടറി ആയിരിക്കെ ബേബിജോണ്‍ ഒപ്പം നിര്‍ത്തിയിരുന്ന സിപിഎം അനുഭാവികളായ ചില സാംസ്‌കാരിക പ്രവര്‍ത്തകരെ അബ്ദുല്‍ ഖാദറിന്റെ മനസ്സറിയാന്‍ നിയോഗിച്ചിരിക്കുന്നതായാണ് അറിവ്. ബേബിജോണ്‍ ഇപ്പോള്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിനുള്ളിലെ ഒട്ടുമിക്ക പാര്‍ട്ടി പരിപാടികളിലും സജീവ സാന്നിധ്യമായിട്ടുള്ളത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ മുന്നോടിയാണെന്ന് പരക്കെ പ്രചാരണവുമുണ്ട്. എന്നാല്‍, അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കെ വി അബ്ദുല്‍ ഖാദര്‍ തന്നെയായിരിക്കും ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് ഒരു വിഭാഗം ഉറപ്പിച്ചു പറയുന്നത്.
മറ്റൊരു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മല്‍സരം കടുത്തതായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2006ല്‍ അന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സി എച്ച് റഷീദിനെ 12,309 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ അബ്ദുല്‍ഖാദര്‍ 2011ല്‍ അഷറഫ് കോക്കൂരിനെ 9968 വോട്ടുകള്‍ക്ക് തറ പറ്റിച്ചപ്പോള്‍ 2011ല്‍ 482 വോട്ടുകള്‍ക്കാണ് ബേബിജോണ്‍ പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it