Flash News

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് എറ്റെടുത്തു



ഗുരുവായൂര്‍/തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ നിയന്ത്രണം മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റെടുത്തു. ഇന്നലെ പുലര്‍ച്ചെ 4.30നു ക്ഷേത്രനട തുറക്കുന്നതിനു മുമ്പ് 30 വനിതാ പോലിസുകാരടക്കം 300ഓളം പോലിസുകാരുടെ കനത്ത സുരക്ഷാ വലയത്തോടെ എത്തിയാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി സി ബിജുവിന്റെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തത്. നാട്ടുകാരുടെ ഭരണസമിതി നിയമിച്ചിരുന്ന ക്ഷേത്രം മാനേജര്‍ ശ്രീനിവാസനില്‍ നിന്ന് 53803 രൂപയും, ലോക്കര്‍, അലമാരകള്‍, മേശ എന്നിവയുടെ താക്കോല്‍ക്കൂട്ടവും ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. ഗുരുവായൂര്‍ അസി. പോലിസ് കമ്മീഷണര്‍ പി എ ശിവദാസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു. നാട്ടുകാരുടെ കമ്മിറ്റി നടത്തിയിരുന്ന പാര്‍ഥസാരഥി ക്ഷേത്രം ഒരു പൊതു ക്ഷേത്രമാണെന്നും ഇതു മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് 2008ല്‍ പി ശ്രീകുമാര്‍, ഉണ്ണി വാറനാട്ട്, സി എല്‍ സുമേഷ് തുടങ്ങിയവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണു ക്ഷേത്ര ഭരണാവകാശം വിവാദത്തിലായത്.അതേസമയം, പോലിസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്നു ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ക്ഷേത്രഭരണത്തിലുള്ള ജനാധിപത്യ വികേന്ദ്രീകൃത സംവിധാനത്തെ അട്ടിമറിച്ചു സര്‍ക്കാരിന്റെ കേന്ദ്രീകൃത ഭരണ വ്യവസ്ഥയിലേക്കു ക്ഷേത്രത്തെ കൊണ്ടുവരുന്ന സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണ്. ഇതിനെതിരേ എല്ലാ മതവിശ്വാസികളും രംഗത്തുവരണം- കുമ്മനം രാജശേഖരന്‍ അഭ്യര്‍ഥിച്ചു. അതേസമയം, പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ ആറു വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്നു സംഘപരിവാര സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it