thrissur local

ഗുരുവായൂര്‍ നഗരസഭയില്‍ ബഹളം : മദ്യശാലയ്‌ക്കെതിരെയുള്ള പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു



ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച ബിവറേജ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ ചൊല്ലി ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അധ്യക്ഷയുടെ വേദിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു കൊണ്ടിരിക്കെ അജണ്ടകളെല്ലാം അംഗീകരിച്ചതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിച്ചുവിട്ടു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്നീട് പ്ലക്കാര്‍ഡുകളുമായി മഞ്ജുളാലിന് സമീപം പ്രകടനം നടത്തി. അജണ്ടകളിലേക്ക് കടക്കും മുമ്പ് യുഡിഎഫിലെ റഷീദ് കുന്നിക്കലാണ് പ്രമേയം അവതരിപ്പിച്ചത്. മദ്യശാലക്ക് അനുമതി നല്‍കരുതെന്നും, കെട്ടിടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.  മദ്യശാലക്ക് അനുമതി നിഷേധിക്കാന്‍ നഗരസഭക്ക് ഇപ്പോള്‍ അധികാരമില്ലെന്ന് അധ്യക്ഷ പ്രഫ. പി കെ ശാന്തകുമാരി പറഞ്ഞു. അനധികൃത നിര്‍മാണം സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് പരാതി ലഭിച്ചുവെന്നും അത് അടിയന്തിരമായി അന്വേഷിക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയതായും വ്യക്തമാക്കി. ചട്ടപ്രകാരമല്ലാത്ത പ്രമേയം പരിഗണിക്കാനാവില്ലെന്നും അറിയിച്ചു. ഇതിനെ യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇത്തരം വിഷയങ്ങള്‍ക്ക് ചട്ടം പറഞ്ഞ് അനുമതി നിഷേധിക്കരുതെന്നായിരുന്നു അവരുടെ നിലപാട്. എതിര്‍പ്പ് വകവെക്കാതെ അജണ്ട വായനയിലേക്ക് കടന്നപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ മദ്യ വില്‍പ്പന ശാല അടച്ചുപൂട്ടുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി എഴുന്നേറ്റ് അധ്യക്ഷ വേദിക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതോടെ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ പിരിച്ചു വിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it