thrissur local

ഗുരുവായൂര്‍ ടൗണില്‍ ഭീഷണിയായി കൂറ്റന്‍ ചീനിമരങ്ങള്‍; കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം

ഗുരുവായൂര്‍: കിഴക്കെനട ജങ്ഷനിലും, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുമുള്ള പടുകൂറ്റന്‍ ചീനി മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്ന കൊമ്പുകള്‍ വെട്ടിമാറ്റണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം. ഉത്തരവാദപ്പെട്ടവര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും ശാഖകള്‍ വെട്ടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഗുരുവായൂരിലെ പ്രധാന ജങ്ഷനായ കിഴക്കെനടയില്‍ ഭീഷണിയായ മരത്തിന്റെ ശാഖകള്‍ മുറിച്ചു മാറ്റാന്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ ചുമട്ടു തൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു.
റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര ഈ മരത്തിന് താഴേക്ക് എത്താറുണ്ട് എന്നതും അപകട ഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്. ചുമട്ടു തൊഴിലാളികള്‍ നല്‍കിയ പരാതി നഗരസഭ പിഡബ്ലുഡിക്ക് കൈമാറിയിരുന്നു. പിഡബ്ലുഡിയുടെ സ്ഥലത്തു നില്‍ക്കുന്ന മരമായതിനാലാണ് പരാതി പിഡബ്ലുഡിക്ക് കൈമാറിയത്. എന്നാല്‍ ശാഖകള്‍ മുറിക്കാന്‍ നടപടി ഉണ്ടായില്ല.
2500-ഓളം കുട്ടികള്‍ പഠിക്കുന്ന ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നില്‍ക്കുന്ന ചീനിമരത്തിന്റെ കൊമ്പുകള്‍ 11 കെവി ലൈനിന് മുകളിലെത്തിയിട്ടുണ്ട്. റോഡിന് അപ്പുറത്തുള്ള കെട്ടിടങ്ങള്‍ക്കു മുകള്‍ ഭാഗത്തേക്ക് ചില്ലകള്‍ വളര്‍ന്നു കഴിഞ്ഞു.
ഈ മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ കെ ആര്‍ മണികണ്ഠന്‍ കഴിഞ്ഞ ഫെബ്രുവരി 19ന് ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. പിഡബ്ലുഡി റോഡില്‍ നില്‍ക്കുന്ന മരമായതിനാല്‍ ദേവസ്വം പരാതി ജില്ലാ കലക്ടര്‍ക്കും, നഗരസഭക്കും, പി ഡബ്ലു ഡിക്കും കൈമാറി. ജില്ലാ കലക്ടര്‍ക്ക് മണികണ്ഠന്‍ നല്‍കിയ പരാതിക്ക് മാര്‍ച്ച് 17ന് പി ഡബ്ലുഡിക്ക് പരാതി കൈമാറിയെന്നായിരുന്നു കലക്ടറുടെ മറുപടി. എന്നാല്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it