Flash News

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം : കടകംപള്ളിക്ക് പാര്‍ട്ടി വിമര്‍ശനം



തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണു കടകംപള്ളിക്കെതിരേ പരാമര്‍ശം. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നു റിപോര്‍ട്ടിലുണ്ടെങ്കിലും വിഷയത്തില്‍ അച്ചടക്കനടപടി എടുക്കേണ്ടതില്ലെന്നും സംസ്ഥാന സമിതി തീരുമാനിച്ചു. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ചര്‍ച്ചയുടെ വിശദാംശങ്ങളും മന്ത്രിയുടെ വിശദീകരണവും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രിയുടെ ക്ഷേത്രദര്‍ശനവും വഴിപാടും പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനത്തിനിടയാക്കിയെന്നു കോടിയേരി വ്യക്തമാക്കി. ബിജെപിയും സംഘപരിവാരവും ഈ സംഭവം മുതലാക്കാനുള്ള ശ്രമം നടത്തി. ആവശ്യമില്ലാത്ത വിവാദത്തിലേക്ക് ഈ കാര്യങ്ങള്‍ പോയെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ അംഗങ്ങളില്‍ പലരും മന്ത്രിയുടെ നടപടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവിനു ചേര്‍ന്ന രീതിയിലായിരുന്നില്ല കടകംപള്ളിയുടെ ക്ഷേത്ര സന്ദര്‍ശനമെന്നും പാര്‍ട്ടി അടിസ്ഥാന തത്ത്വത്തില്‍ നിന്നു വ്യതിചലിക്കുന്ന രീതിയില്‍ അദ്ദേഹം പെരുമാറിയെന്നും പരാമര്‍ശമുണ്ടായി.  വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്നു കടകംപള്ളി സമ്മതിച്ചു. ഇതോടെ, മറ്റു സംഘടനാ നടപടികള്‍ ഇപ്പോള്‍ എടുക്കേണ്ടതില്ലെന്ന തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര സംഘടനകളും സ്വാഗതം ചെയ്തതോടെയാണു പാര്‍ട്ടിയില്‍ അതൃപ്തി പുകഞ്ഞത്.ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായി. പാര്‍ട്ടിക്കും സര്‍ക്കാരിനും കോടതിവിധി രാഷ്ട്രീയനേട്ടമുണ്ടാക്കി. ഇതിനാല്‍ ഇ പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കണമെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളും വേങ്ങര ഉപതിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it