thrissur local

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജൂലൈ ഒന്നുമുതല്‍ സ്റ്റീല്‍പ്ലേറ്റുകള്‍



കെ വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജൂലൈ ഒന്നുമുതല്‍ സ്റ്റീല്‍പ്ലേറ്റുകള്‍ ഉപയോഗിക്കും. ഭക്ഷണം കഴിച്ച ഇലകള്‍ ഇനിമുതല്‍ എടുക്കില്ലെന്ന്് നഗരസഭ അറിയിച്ചതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരക്കുറുപ്പ്് അറിയിച്ചു. ജൂലായ് ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടുകഴിഞ്ഞുള്ള ഇലകള്‍ സ്വീകരിക്കാനാകില്ലെന്ന ഗുരുവായൂര്‍ നഗരസഭയുടെ പുതിയ തീരുമാനത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തെ ആധികാരികമായി അറിയിച്ച നഗരസഭയുടെ ഈ തീരുമാനം തികച്ചും വേദനാജനകമാണെന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബര കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. നഗരസഭയുടെ ഈ തീരുമാനം വകുപ്പുമന്ത്രി പരിശോധിക്കണമെന്നും പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത ഗുരുവായൂര്‍ നഗരസഭയുടെ പുതിയ തീരുമാനം നഗരസഭ പുന:പരിശോധിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ദേവസ്വത്തിന് ഉദ്ദേശമില്ലെന്നും അദ്ദേഹം അടിവരയിട്ടു. ഗുരുവായൂര്‍ നഗരസഭയുമായി ശുചീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കേതന്നെ ഗുരുവായൂര്‍ ദേവസ്വം ഇക്കാര്യത്തിനായി 32 ലക്ഷം രൂപ നഗരസഭക്ക് നല്‍കിയിരുന്നതായും ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ ദേവസ്വത്തെ തികച്ചും അന്യവല്‍ക്കരിച്ചുകൊണ്ട് നഗരസഭയെടുത്ത ഈ കടുത്ത തീരുമനത്തെ ഭക്തജനങ്ങളും ആശങ്കയോടേയാണ് കാണുകയെന്നും ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ തിരഞ്ഞെടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കോണ്‍ഗ്രസ്സും നഗരസഭ ഭരിക്കുന്നത് ഇടതുപക്ഷവുമാണ്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി തീരാന്‍ വെറും ആറുമാസം മാത്രം ബാക്കിനില്‍ക്കേയാണ് ദേവസ്വവുമായി ഗുരുവായൂര്‍ നഗരസഭ പ്രത്യക്ഷയുദ്ധത്തിന് പടപുറപ്പാടായി രംഗത്തെത്തിയിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസവും 5000 മുതല്‍ 10000 വരെ തീര്‍ഥാടകര്‍ പ്രസാദ ഊട്ടിനെത്താറുണ്ട്്. വാഴയില തന്നെയാണ്് പ്രസാദ ഊട്ടിന് സൗകര്യവും ശുദ്ധവും. ഊട്ടിന്റെ ഓരോ പന്തിയിലും പ്ലേറ്റുകള്‍ കഴുകി വൃത്തിയാക്കികൊടുക്കുക എന്നത്് സമയനഷ്ടം മാത്രമല്ല, വെള്ളത്തിന്റെ ചെലവുകൂടുതലുമാണ്. മാത്രമല്ല, പ്ലേറ്റുകള്‍ കഴുകാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും വേണം. ക്ഷേത്രത്തിലെ ഇലകള്‍ എടുക്കില്ലെന്ന്് പറയുന്നതുതന്നെ ഒരു തദ്ദേശസ്ഥാപനത്തിന് യോജിച്ചതല്ലെന്നും ഇക്കാര്യം തദ്ദേശവകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ക്ഷേത്രത്തിലേക്ക് ദിനംപ്രതി പതിനായിരകണക്കിന് തീര്‍ഥാടകര്‍ എത്തുന്നത്് നഗരസഭയക്ക്് വരുമാനമാണെന്നിരിക്കേ, ഇലകള്‍ എടുക്കുകയെന്നത്് നഗരസഭയുടെ ബാധ്യത കൂടിയാണെന്ന കാര്യം മറക്കരുതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായി ഗുരുവായൂര്‍ ക്ഷേത്രത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ പുതിയ തീരുമാനം ആശങ്ക ഉളവാക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തെ അവഗണനയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗുരുവായൂര്‍ നഗരസഭയുടെ പുതിയ തീരുമാനം അധികാരികള്‍ പുനപരിശോധിക്കുമെന്നും ചെയര്‍മാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it