Flash News

ഗുരുവായൂര്‍ ഏകാദശി ചൈമ്പൈ സംഗീതോല്‍സവം: സബ് കമ്മിറ്റിയോഗം ചേരുന്നത് സി.പി.എം അനുകൂല സംഘടന തടഞ്ഞു

ഗുരുവായൂര്‍ ഏകാദശി ചൈമ്പൈ സംഗീതോല്‍സവം: സബ് കമ്മിറ്റിയോഗം ചേരുന്നത് സി.പി.എം അനുകൂല സംഘടന തടഞ്ഞു
X


കെ വിജയന്‍ മേനോന്‍.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ചെമ്പൈ സംഗീതോല്‍സവത്തിന്റെ സബ് കമ്മിറ്റിയോഗം ചേരുന്നത് ദേവസ്വം ജീവനക്കാരുടെ സി.പി.എം അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം ചേരാനാകാതെ സബ്കമ്മിറ്റി അംഗങ്ങളും റിലേ സംപ്രേഷണത്തെകുറിച്ച് ആലോചിക്കുന്നതിനെത്തിയിരുന്ന ആകാശവാണി, ദൂരദര്‍ശന്‍ പ്രതിനിധികളും മടങ്ങി. യോഗത്തില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട അഡ്മിനിസ്‌ട്രേറ്ററില്ലാതെ യോഗം ചേരുന്നതിനാലാണ് യൂനിയന്‍ പ്രവര്‍ത്തകര്‍ യോഗം തടയുന്നതിന് കാരണമാക്കിയത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളിന് മുന്നിലാണ് ജീവനക്കാര്‍ സബ് കമ്മിറ്റി അംഗങ്ങളെ തടഞ്ഞത്. യോഗത്തിനെത്തിയ സബ്കമ്മിറ്റി കണ്‍വീനറായ ഭരണസമിതി അംഗം എ സുരേശന്‍, ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി കെ കുഞ്ഞുണ്ണി എന്നിവരേയാണ് ജീവനക്കാര്‍ തടഞ്ഞത്. ജീവനക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് ഇവര്‍ മടങ്ങിപോകുകയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ദേവസ്വത്തിലെ പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി സി ശശിധരന്റെ കാലാവധി കഴിഞ്ഞ മാസം 31 ന് അവസാനിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തിന് തന്നെ പത്ത് മാസത്തേക്ക് കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തതാണ് ദേവസ്വത്തിലെ പ്രതിസന്ധികള്‍ക്ക് കാരണമായത്.
അതേസമയം ചെമ്പൈ സംഗീതോല്‍സവത്തിന്റെ സബ് കമ്മിറ്റി അംഗങ്ങളെ തടഞ്ഞുവെച്ച ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (കോണ്‍ഗ്രസ്സ്) ഭാരവാഹികളായ കെ പ്രദീപ് കുമാര്‍, ടി വി കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദേവസ്വത്തില്‍ ഭരണം സ്തംഭിച്ചുവെന്ന് പ്രചാരണം നടത്തുന്നത് സര്‍ക്കാര്‍ അനുകൂല സംഘടനയായ എംപ്ലോയീസ് ഓര്‍ഗനൈസേഷനാണെന്നും ദേവസ്വം എംപ്ലോയീസ് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. സംഗീതോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍പിടിക്കുന്ന സബ്കമ്മിറ്റി അംഗങ്ങളായ സംഗീതജ്ഞരെ രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി അവഹേളിക്കുകയാണ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്തത്. ദേവസ്വത്തിലെ ഭരണം സ്തംഭനത്തിലാണെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനുകൂല സംഘടന തന്നെയാണ് ചെമ്പൈ സംഗീതോല്‍സവ സംഘാടനം അടക്കമുള്ളവ തടസപ്പെടുത്തുന്നതെന്നും എംപ്ലോയീസ് യൂനിയന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it