thrissur local

ഗുരുവായൂരില്‍ പഴകിയ ബേക്കറി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു



ഗുരുവായൂര്‍: നഗരസഭ പരിധിയിലെ കടകളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ 500 കിലോ ഹല്‍ഹ, 30 കിലോ ഈത്തപഴം, അഞ്ച് കിലോ പൊരി തുടങ്ങിയവ പിടിച്ചെടുത്തു. പ്രൈവറ്റ്ബസ്സ്റ്റാന്റില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന നടവഴിയിലുള്ള ഐശ്വര്യ സ്വീറ്റ്‌സ്, ലക്ഷ്മി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നാണ്് ഇവ പിടികൂടിയത്. പാക്കറ്റിലാക്കിയ ബേക്കറി ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവക്ക് മാസങ്ങളുടെ പഴക്കമുള്ളതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ശബരിമല സീസണിന് മുമ്പ് വാങ്ങി സൂക്ഷിച്ചിരുന്നതാണ് ഹല്‍ഹവയും ഈത്തപഴവുമെന്ന് കണ്ടെത്തി. തൊട്ടടുത്ത കൃഷ്ണ ഫ്രൂട്ടസ് എന്ന സ്ഥാപനത്തില്‍ നിന്ന് ചീഞ്ഞ 10 കിലോ പഴങ്ങളും പഴക്കം ചെന്ന പാക്കറ്റ്പാലും പിടികൂടി. ജ്യൂസിന് വേണ്ടി സൂക്ഷിച്ചവയായിരുന്നു ഇവ. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകം ചെയ്തിരുന്ന ദേവകി ഹോട്ടലിലും ആരോഗ്യ വിഭാഗം നോട്ടിസ് നല്‍കി. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. നഗരസഭ ഓഫിസിന് തൊട്ട് മുന്നിലെ കടകളിലാണ് ഇത്രയും പഴക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നത് എന്നത് പരിശോധന നടത്തിയ ഉദ്യോഗസ്ഥരേ പോലും ഞെട്ടിച്ചു. പിടിച്ചെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ നഗരസഭ ഓഫിസിന് മുന്നില്‍ പ്രദര്‍ശനത്തിന് വച്ച ശേഷം ട്രഞ്ചിങ്് ഗ്രൗണ്ടില്‍ നശിപ്പിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോയ് ഫ്രീ സുദര്‍ശനന്‍, കെഎസ് ഷെമി , കെഎസ് പ്രദീപ് , കെ സുജിത്ത്, കെ രാജീവന്‍, മനേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it