ഗുരുവായൂരില്‍ കോണ്‍ഗ്രസ്സിന് കണ്ണ്; സീറ്റ് വിടാന്‍ ലീഗിനു മടി

ഗുരുവായൂരില്‍ കോണ്‍ഗ്രസ്സിന്  കണ്ണ്; സീറ്റ് വിടാന്‍ ലീഗിനു മടി
X
kUNJALIKKUTTY-AND-sUDHEERAN



കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സ്ഥിരമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്. ജില്ലയ്ക്കു പുറത്ത് മറ്റൊരു സീറ്റ് നല്‍കി ഗുരുവായൂര്‍ ഏറ്റെടുക്കണമെന്ന് ഡിസിസി നേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി ഗുരുവായൂര്‍ വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കാര്യവും ഡിസിസി നേതൃത്വം എടുത്ത് പറഞ്ഞിട്ടുണ്ട്.
ദീര്‍ഘകാലം മുസ്‌ലിംലീഗ് നിലനിര്‍ത്തിയ ഗുരുവായൂര്‍ പി എം അബൂബക്കര്‍ നിയമസഭാംഗത്വം രാജിവച്ച് ഐഎന്‍എലില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ലീഗിന് നഷ്ടപ്പെട്ടത്. 1994ലെ ഉപതിരഞ്ഞെടുപ്പില്‍ പി ടി കുഞ്ഞുമുഹമ്മദ് 2052 വോട്ടുകള്‍ക്ക് സമദാനിയെ തോല്‍പ്പിച്ചു. പിഡിപി സ്ഥാനാര്‍ഥി കെ എ ഹസന്‍ പതിനാലായിരത്തിലേറെ വോട്ടുകള്‍ നേടി. പിന്നീട് പി ടി കുഞ്ഞുമുഹമ്മദ് ഒരു തവണ കൂടി ഇവിടെ നിന്ന് വിജയിച്ചു. 2001ല്‍ പി കെ കെ ബാവ 9526 വോട്ടുകള്‍ക്ക് പി ടിയെ തോല്‍പ്പിച്ച് സീറ്റ് തിരിച്ചുപിടിച്ചു. എന്നാല്‍, 2006ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ഖാദര്‍ ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി സി എച്ച് റഷീദിനെ 12,309 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വല്‍സന്‍ കൊല്ലപ്പെട്ട പ്രത്യേക സാഹചര്യത്തിലായിരുന്നു അന്ന് വിജയം. 2011ല്‍ കെ വി തന്നെ ലീഗ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെ 9,904 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് സീറ്റ് നിലനിര്‍ത്തി.
മലപ്പുറം ജില്ലയിലെ ഏതെങ്കിലും സീറ്റ് ലീഗിനു നല്‍കി ഗുരുവായൂര്‍ ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി. ലീഗിലെ രൂക്ഷമായ ഗ്രൂപ്പ് വഴക്കാണ് മാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് സംസ്ഥാന നേതൃത്വം ഇടപെട്ട് തീര്‍ക്കുകയായിരുന്നു.
എന്നാല്‍, ഗുരുവായൂര്‍ കോണ്‍ഗ്രസ്സിന് നല്‍കരുതെന്നാണ് ലീഗ് ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലീഗിനുതന്നെയാണ് സീറ്റെങ്കില്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം സാദിഖലിയോ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദോ സ്ഥാനാര്‍ഥിയാവും.
സിപിഎം സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍തന്നെ മല്‍സരിക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ്സിന് സീറ്റ് കിട്ടുകയാണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് ടി വി ചന്ദ്രമോഹനോ ഡിസിസി പ്രസിഡന്റ് ഒ അബ്ദുര്‍റഹിമാന്‍കുട്ടിയോ മല്‍സരിച്ചേക്കും. മലപ്പുറം ജില്ലയിലെ പൊന്നാനിയോ തവനൂരോ ലീഗിന് നല്‍കി ഗുരുവായൂര്‍ സീറ്റ് വച്ചുമാറുന്നതിനെക്കുറിച്ചാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it