Flash News

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു



ഗുരുവായൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ഗുരുവായൂര്‍ നെന്മിനി ലക്ഷംവീട് കോളനിയില്‍ ചില്ലരിക്കല്‍ വീട്ടില്‍ പരേതനായ ശശിയുടെ മകന്‍ ആനന്ദന്‍ (26) ആണ് കൊല്ലപ്പെട്ടത്. നാലു വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് ആനന്ദന്‍. ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തിന് സമീപത്തു വച്ചാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സുഹൃത്ത് വാടാനപ്പള്ളി സ്വദേശി വിഷ്ണുവുമൊത്ത് ബുള്ളറ്റില്‍ വീട്ടിലേക്ക് പോകവെയാണ് നാലംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി ആനന്ദനെ കൊലപ്പെടുത്തിയത്. കെഎല്‍ 46 സി 81 സ്വിഫ്റ്റ് കാറിലാണ് അക്രമികള്‍ എത്തിയത്. പരിക്കേറ്റ ആനന്ദനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൃത്യം നിര്‍വഹിച്ചശേഷം അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2013 നവംബര്‍ 4ന് ഫാസില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ ആനന്ദന്‍ ഒരു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. നിസാരമായ രാഷ്ട്രീയ തര്‍ക്കമാണ് ഫാസിലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഫാസിലിന്റെ സഹോദരന്റേതാണ് അക്രമിസംഘം ഉപയോഗിച്ച കാറെന്നാണ്  പ്രാഥമിക നിഗമനം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരി അംബികയാണ് ആനന്ദന്റെ മാതാവ്. സഹോദരന്‍ അഭിഷേക്.
Next Story

RELATED STORIES

Share it