Flash News

ഗുരുവായൂരില്‍ ആനയിടഞ്ഞു; കുത്തേറ്റ രണ്ടാം പാപ്പാന്‍ മരിച്ചു

കെ വിജയന്‍ മേനോന്‍ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ദേവസ്വം ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കോതച്ചിറ വെളുത്തേടത്ത് രാമന്‍നായരുടെ മകന്‍ സുഭാഷ് (30) ആണ് മരിച്ചത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 19 വയസ്സുള്ള ശ്രീകൃഷ്ണന്‍ എന്ന കുട്ടിക്കൊമ്പനാണ് ഇടഞ്ഞത്. ഇന്നലെ രാവിലെ ഏഴിന് ശീവേലിക്കിടെയായിരുന്നു സംഭവം. ആനയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ തൃശൂര്‍ അമല ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വൈകീട്ട് അഞ്ചോടെ മരിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ക്ഷേത്രത്തിനകത്തുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഗുരുവായൂര്‍ കാപിറ്റല്‍ സഫറോണില്‍ താമസിക്കുന്ന ദേവകി (67), കണ്ണൂര്‍ കോട്ടപ്പുറം സ്വദേശി ഋഷികേശ് (11) എന്നിവര്‍ അമല ആശുപത്രിയില്‍ ചികില്‍സയിലാണ്.  ഇന്നലത്തെ ശീവേലിക്ക് ആനകളായ രവികൃഷ്ണനും ശ്രീകൃഷ്ണനും ചെറിയ കോലത്തില്‍ തിടമ്പെടുത്തത് ഗോപീകണ്ണനുമായിരുന്നു. രണ്ടാം പ്രദക്ഷിണത്തിനിടെ അയ്യപ്പക്ഷേത്രത്തിന് അടുത്തു വച്ച് പെട്ടെന്ന് പ്രകോപിതനായ ശ്രീകൃഷ്ണന്‍ രണ്ടാം പാപ്പാന്‍ സുഭാഷിനെ കുത്തുകയായിരുന്നു. പരിഭ്രാന്തരായി ചിതറിയോടിയ വരെ കണ്ട് മറ്റു രണ്ടാനകളും വിരണ്ടു. ഞായറാഴ്ചയായതിനാല്‍ ഇന്നലെ ക്ഷേത്രത്തില്‍ വന്‍ തിരക്കായിരുന്നു. കൊമ്പന്‍ ഗോപീകണ്ണന്റെ പുറത്തുണ്ടായിരുന്ന കീഴ്ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി ചാടിയിറങ്ങി രക്ഷപ്പെട്ടു. ഗോപീകണ്ണനെയും രവികൃഷ്ണനെയും വരുതിയിലാക്കി ഗുരുവായൂര്‍ ആനത്താവളത്തിലേക്കു മാറ്റി. പരക്കംപായുന്നതിനിടെ പലരും ക്ഷേത്രക്കുളത്തിലേക്ക് എടുത്തുചാടി. കലിയടങ്ങാതെ പരാക്രമം കാട്ടിയ ശ്രീകൃഷ്ണനെ അരമണിക്കൂര്‍ കഴിഞ്ഞ് ക്ഷേത്രത്തിനകത്ത് കലവറക്കുള്ളില്‍ വച്ചാണ് തളച്ചത്. സുഭാഷിന്റെ പിതാവ് രാമന്‍നായര്‍ ദേവസ്വത്തില്‍ നേരത്തേ ആനപ്പാപ്പാനായിരുന്നു.
Next Story

RELATED STORIES

Share it