thrissur local

ഗുരുവായൂരിലേക്ക് വൈശാഖ പുണ്യം തേടി ഭക്തജന പ്രവാഹം



ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണസന്നിധിയലേക്ക് വൈശാഖപുണ്യംതേടി ഭക്തജന പ്രവാഹം അനുദിനം വര്‍ദ്ധിക്കുന്നു. മേടമാസത്തിലെ കറുത്തവാവിന്റ പിറ്റേന്നു പ്രഥമ മുതല്‍ ഇടവമാസത്തിലെ കറുത്തവാവുവരേയുള്ള ഒരു ചന്ദ്രമാസമാണ് വൈശാഖം. വൈശാഖത്തില്‍ ബലരാമജയന്തിയായ അക്ഷയതൃതീയ 28 നും നരസിംഹജയന്തി മെയ് 9 നും ഗുരുവായൂരില്‍ ആഘോഷമാക്കി. ദത്താത്രേയ ജയന്തി മെയ് 21 നും മല്‍സാവതാര സുദിനം മെയ് 25-നുമാണ്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും രാവിലെ 6-മുതല്‍ രാത്രി 11-വരെ വിവിധ കലാപരിപാടി കളുമുണ്ടാകും. വിഷ്ണു ക്ഷേത്രദര്‍ശനത്തിനും അതിലുപരി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും അത്യുത്തമമായ വൈശാഖത്തില്‍ ദാനധര്‍മാദികള്‍ക്ക് പ്രാധാന്യമേറുന്നതിനോടൊപ്പം സദ്കര്‍മ്മങ്ങള്‍ക്ക് ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും തിരക്കേറുന്ന സമയംകൂടിയാണ് വൈശാഖമാസകാലം. സ്‌ക്കൂള്‍ വെക്കേഷനും വൈശാഖമാസവും ഒരുമിച്ച് വന്നതിനാല്‍ തിരക്ക് നിയന്ത്രണാതീതമാവുകയാണ്. വൈശാഖപുണ്യമാസത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നാല് ഭാഗവത സപ്താഹങ്ങളാണ് നടക്കുന്നത്. പൊന്നടുക്കത്ത് മണികണ്ഠന്‍ നമ്പൂതിരി, പ്രഫ. മാധവപ്പിള്ളി കേശവന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, തോട്ടം ശ്യാമന്‍ നമ്പൂതിരി എന്നിവരാണ് സപ്താഹം അവതരിപ്പിക്കുന്നത്. മേല്‍പ്പത്തൂ ര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും സന്ധ്യക്ക് പ്രമുഖ പണ്ഢിതാചാര്യന്മാര്‍ പങ്കെടുക്കുന്ന ആധ്യാത്മിക പ്രഭാഷണങ്ങളും നടക്കുന്നുണ്ട്. 25ന് വൈശാഖ പുണ്യമാസം സമാപിക്കും.
Next Story

RELATED STORIES

Share it