kozhikode local

ഗുരുവായൂരപ്പന്‍ കോളജിലെ ഭക്ഷ്യ വിഷബാധ: മെസ് അടച്ചിടാന്‍ നിര്‍ദേശം

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാവിലെ സര്‍ക്കിള്‍ഹെല്‍ത്ത് ഓഫീസര്‍ ശിവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഓഫീസര്‍ സതീശ്, ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോസ്റ്റലില്‍ വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് ഹോസ്റ്റലിലെ മെസ് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ഭക്ഷണ അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയ സംവിധാനമില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഇന്ന് ഹോസ്റ്റല്‍ അധികൃതര്‍ക്ക് നോട്ടീസ് കൈമാറും. രണ്ടാഴ്ചക്കുള്ളില്‍ ന്യൂനതകള്‍ പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 43 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. ഇതില്‍ 24 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സ്ഥീരികരണം.അസുഖം ഭേദമാകാത്തതിനെതുടര്‍ന്ന് ഇതില്‍ നാലുപേര്‍ ഇന്നലെയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
വിദ്യാര്‍ഥികള്‍ ആരും പരാതി നല്‍കിയിട്ടില്ല. പരാതി പ്രകാരമല്ല പത്രവാര്‍ത്തകളുടെയും കോളജ് അധികൃതരില്‍ നിന്നും വിവരം ശേഖരിച്ചതിന്റേയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍ അറിയിച്ചു. പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളജ് വനിത ഹോസ്റ്റലിലെ വിദ്യാര്‍ഥികളും അധ്യാപികയുമാണ് ഇന്നലെ ഛര്‍ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ട് അവശനിലയിലായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. ഹോസ്റ്റലില്‍നിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെജിറ്റബിള്‍ ബിരിയാണി കഴിച്ച് കിടന്നുറങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തങ്ങളെ ആശുപത്രിയില്‍ ചികിത്സതേടാന്‍ പോലും ഹോസ്റ്റല്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11ന് മാനേജ്‌മെന്റ് വിളിച്ചുവരുത്തിയ ഡോക്ടറാണ് വിദ്യാര്‍ഥിനികളെ പരിശോധിച്ചത്. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെ മോശമായതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it