ernakulam local

ഗുരുപ്രതിമയുടെ മറവില്‍ പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ ശ്രമം: ഡോ. എം എന്‍ സോമന്‍

ആലുവ: വഴിയരികില്‍ ശ്രീനാരായണ ഗുരുദേവ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തി പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ പറഞ്ഞു. ശിവഗിരി മഹാസമാധി മണ്ഡപം ഗുരുപ്രതിഷ്ഠ കനക ജൂബിലിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളിപ്പള്ളി നയിക്കുന്ന ദിവ്യജ്യോതിക്ക് ആലുവ അദൈ്വതാശ്രമത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു കാണപ്പെട്ട ദൈവമാണ്. അതിനാല്‍ ഗുരുവിനെ പ്രതിഷ്ഠിക്കേണ്ടത് ക്ഷേത്ര ശ്രീകോവിലിലാവണം. പക്ഷി മൃഗാദികളുടെ വിസര്‍ജ്യങ്ങള്‍ വീഴുന്ന വഴിയരികില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനോട് എസ്എന്‍ഡിപി യോഗത്തിന് യോജിക്കാനാകില്ല. ഇത് ലക്ഷക്കണക്കായ ശ്രീനാരായണീയരുടെ ഹൃദയത്തെയാണ് മുറിവേല്‍പ്പിക്കുന്നത്. 96 ശതമാനം വരെ മുന്നാക്ക വിഭാഗക്കാര്‍ ജോലി ചെയ്യുന്ന ദേവസ്വം ബോര്‍ഡില്‍ പത്ത് ശതമാനം കൂടി അവര്‍ക്ക് സംവരണം നല്‍കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. സമൂഹത്തെ നേരായ ദിശയിലേക്ക് നയിക്കുന്നതില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പങ്ക് വഹിക്കാനാകുമെന്നും ഡോ. സോമന്‍ പറഞ്ഞു. കുറിച്ചി അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റനും യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ വളച്ചൊടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രീനാരായണീയര്‍ തയ്യാറാകണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഗുരുവിനെ രാഷ്ട്രീയക്കാരുടെയും നവോത്ഥാന നായകരുടെയും പട്ടികയില്‍പ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. മനുഷ്യനേ നന്നാക്കാനുള്ള മരുന്നാണ് ഗുരുദേവന്റെ തത്വസംഹിതകള്‍. അതിലേക്ക് വെളിച്ചം പകരുവാനും സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കുവാനും ദിവ്യജ്യോതി പ്രയാണത്തിന് കഴിയുമെന്നും തുഷാര്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി ടി മന്മഥന്‍, കുന്നത്തുനാട് യൂണിയന്‍ സെക്രട്ടറി എ ബി ജയപ്രകാശ്, പറവൂര്‍ യൂനിയന്‍ സെക്രട്ടറി ഹരി വിജയന്‍, വൈപ്പിന്‍ യൂനിയന്‍ സെക്രട്ടറി പി ഡി ശ്യാംദാസ്, ആലുവ യൂനിയന്‍ പ്രസിഡന്റ് വി സന്തോഷ് ബാബു, സെക്രട്ടറി എ എന്‍ രാമചന്ദ്രന്‍ സംസാരിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സംഗീത വിശ്വനാഥന്‍, കൃഷ്ണകുമാരി, സജിത് നാരായണന്‍, എം ബി ശ്രീകുമാര്‍, അനില്‍ തറനിലം, സിനില്‍ മുണ്ടപ്പിള്ളി, മഹാരാജ ശിവാനന്ദന്‍, സി എന്‍ രാധാകൃഷ്ണന്‍, ടി ജി വിജയന്‍, അറക്കത്തറ സന്തോഷ്, എം എസ് സാബു, വി കെ നാരായണന്‍, പി എ സോമന്‍, ഇ കെ മുരളീധരന്‍, പി ആര്‍ നിര്‍മല്‍കുമാര്‍, ഷൈജു മനക്കപ്പടി എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it