ഗുരുതര ത്വഗ് രോഗമുള്ള കുട്ടിക്ക് സാധ്യമായ സഹായം നല്‍കണം

കൊച്ചി: ഗുരുതര ത്വഗ്‌രോഗമുള്ള അഞ്ചുവയസ്സുകാരിക്ക് 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉറപ്പുനല്‍കിയ വീടും സ്ഥലവും ഉള്‍പ്പെടെയുള്ള സഹായം അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി അനിതയുടെ മകള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. ഉന്നത വിദ്യാഭ്യാസമുള്ള യുവതിയാണ് അനിത. ഭര്‍ത്താവ് ഓട്ടോ ഡ്രൈവറും. ഇവരുടെ അഞ്ച് വയസ്സുള്ള മകള്‍ക്കാണു ഗുരുതര ത്വഗ്‌രോഗം ബാധിച്ചത്. കടുത്ത ചൂടിലും ശക്തമായ തണുപ്പിലും പെണ്‍കുട്ടിക്ക് അതിശക്തമായ ശരീരവേദന അനുഭവപ്പെടും. തുടര്‍ചികില്‍സയാണ് പെണ്‍കുട്ടിക്കാവശ്യം. ഒരു നേരത്തെ ഗുളികയ്ക്ക് 100 രൂപയിലേറെ വിലയുണ്ട്. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി അനിതയുടെ മകളുടെ ചികില്‍സയ്ക്കായി ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നു സെന്റ് സ്ഥലവും വീടും നിര്‍മിക്കാന്‍ മൂന്നു ലക്ഷം രൂപയും അനുവദിക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
കുട്ടിക്കും പരിചരിക്കുന്ന അമ്മയ്ക്കും പെന്‍ഷന്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ ഒഴികെ മറ്റ് സഹായങ്ങളൊന്നും ലഭിച്ചില്ല. കുട്ടിയുടെ അവസ്ഥ തീര്‍ത്തും ദയനീയമാണെന്ന് കുട്ടിയെ നേരില്‍ കണ്ട പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കുട്ടിക്ക് ഭൂമിയും വീട് നിര്‍മിക്കാന്‍ ധനസഹായവും നല്‍കണം. ചികില്‍സാസഹായവും കുട്ടിക്കും അമ്മയ്ക്കും പെന്‍ഷനും നല്‍കണം. നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപോര്‍ട്ട് നല്‍കണം.  കേസ് ജൂ ണ്‍ 29ന് ആലുവയില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ നിയാസും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it