ഗുരുതര ആരോപണങ്ങളുമായി സേവ് എംഇഎസ് ഫോറം

കൊച്ചി: എംഇഎസിന്റെ ഭൂസ്വത്തുക്കള്‍ പ്രസിഡന്റ്് ഡോ. ഫസല്‍ ഗഫൂറും കുടുംബാംഗങ്ങളും ചേര്‍ന്നു കൊള്ളയടിക്കുന്നതായി ആരോപണം. സ്വന്തം സ്ഥാപനത്തെ കൊള്ളയടിക്കുമ്പോഴും മറ്റു മതസ്ഥാപനങ്ങളുടെയും നേതാക്കളുടെയും വിമര്‍ശകനായി ടിവി ചാനലുകളില്‍ ഫസല്‍ ഗഫൂര്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖം പുറംലോകത്തെ അറിയിക്കുന്നതെന്ന് സേവ് എംഇഎസ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംഇഎസ് മുന്‍ പ്രസിഡന്റ്് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, അമീര്‍ അഹ്മദ്, ഡോ. മഹ്ഫൂസ് റഹ്മാന്‍, കളത്തില്‍ ബഷീര്‍, ആബിദ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
എംഇഎസിലെ അഴിമതിയും ക്രമക്കേടുകളും ചോദ്യംചെയ്യുന്നവരെയെല്ലാം ഫോറം വെട്ടിനിരത്തിയെന്നും സൊസൈറ്റി ആശ്രിതരെക്കൊണ്ട് കുത്തിനിറച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. തുടര്‍ച്ചയായി രണ്ടു ടേമില്‍ കൂടുതല്‍ പ്രസിഡന്റ് പദവിയിലിരുന്നതിന്റെ പേരില്‍ ഡോ. എം എ അബ്ദുല്ലയെ സ്ഥാനത്തുനിന്നു മാറ്റിയാണ് ഫസല്‍ ഗഫൂര്‍ പ്രസിഡന്റായത്. എന്നാല്‍, ഭരണഘടന തിരുത്തി 18 വര്‍ഷം തുടര്‍ച്ചയായി നേതൃസ്ഥാനത്തു തുടരുകയാണ് ഫസല്‍ ഗഫൂര്‍. ഇതു ചോദ്യംചെയ്യുന്നവരെ ഭരണഘടനയുടെ പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുന്നു. 15 പേര്‍ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 20 പേരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുകയാണ്. ജനാധിപത്യം കശാപ്പുചെയ്തുകൊണ്ടാണ് ഫസല്‍ ഗഫൂര്‍ അധികാരത്തില്‍ തുടരുന്നത്.
രണ്ട് ടേമില്‍ കൂടുതല്‍ തുടര്‍ന്നുവെന്ന പേരിലാണ് സേവ് എംഇഎസ് ഫോറം രൂപീകരിച്ചതും അതിലൂടെ ഡോ. എം എ അബ്ദുല്ലയെ പുറത്താക്കിയതും. എന്നിട്ട് അധികാരത്തില്‍ വന്നപ്പോള്‍ സ്ഥാനം എല്ലാകാലത്തേക്കുമായി നിലനിര്‍ത്തുകയും എംഇഎസിന്റെ സ്വത്തുവകകള്‍ എല്ലാം കുടുംബസ്വത്താക്കി മാറ്റുകയുമാണു ചെയ്യുന്നതെന്ന് ഫോറം ഭാരവാഹികള്‍ ആരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികള്‍ വിലമതിക്കുന്ന എംഇഎസിന്റെ സ്ഥാപനങ്ങള്‍ അടക്കം വരുന്ന ഭൂസ്വത്തുക്കള്‍ 14 ആധാരങ്ങള്‍ വഴി എല്ലാ ചട്ടങ്ങളും ലംഘിച്ച് വില്‍പന നടത്തി. ഇതുമായി ബന്ധപ്പെട്ട് 15 കേസുകള്‍ ഹൈക്കോടതിയുള്‍പ്പെടെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്നു. ഈ കേസുകള്‍ നടത്തുന്നതിന് ഭീമമായ തുകയാണ് വര്‍ഷംതോറും ചെലവഴിക്കുന്നത്. ഭരണഘടനാ ഭേദഗതി വരുത്തി ഫസല്‍ ഗഫൂറും മകനും മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളമായി എഴുതിയെടുക്കുന്നു. കോഴിക്കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനായി വാങ്ങിയ ഭൂമിയിലെ കണ്ണായ ഭാഗം ഫസല്‍ ഗഫൂറിന്റെയും കുടുംബത്തിന്റെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. എംഇഎസിന്റെ പോഷകസംഘടനകളായ വനിതാ വിങ്, യൂത്ത് വിങ് എന്നിവ പിരിച്ചുവിട്ടു. എല്ലാ മൂല്യങ്ങളും തകര്‍ത്ത് മകന്‍ ഡോ. റഹീം ഫസലിനെ യൂത്ത് വിങ് ജനറല്‍ സെക്രട്ടറിയാക്കി.  മകനെ എംഇഎസിന്റെ തലപ്പത്ത് കൊണ്ടുവരുകയെന്നതാണു ലക്ഷ്യമിടുന്നത്.
എല്ലാ ജില്ലാ കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും കമ്മിറ്റികള്‍ നോമിനേറ്റ് ചെയ്ത് തന്റെ വരുതിയിലാക്കി. ഫസല്‍ ഗഫൂര്‍ ഇനിയും നേതൃസ്ഥാനത്തു തുടര്‍ന്നാല്‍ എംഇഎസ് എന്ന പ്രസ്ഥാനം തന്നെ ഇല്ലാതാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഖത്തര്‍ സ്‌കൂള്‍, ചേറ്റുവ ഹോസ്പിറ്റല്‍, വയനാട് എംഇഎസ് മിഷന്‍ ആശുപത്രി, ഈരാറ്റുപേട്ട എംഇഎസ് മിഷന്‍ ആശുപത്രി, കാസര്‍കോട് കുനിയില്‍ സ്്കൂള്‍, മാറംപള്ളി കോളജിന്റെ മൂന്നേക്കര്‍ തുടങ്ങിയ നിരവധി വസ്തുവകകള്‍ എംഇഎസിന് നഷ്ടമായി. ഇവ തിരിച്ചെടുക്കണം.
എംഇഎസില്‍ നിന്നു ശമ്പളമോ സ്ഥിരമായ അലവന്‍സോ വാങ്ങുന്നവരെയും സ്ഥാപനങ്ങളിലെ ജീവനക്കാരെയും സംഘടനയുടെയും സ്ഥാപനങ്ങളുടെയും വിവിധ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി. 500ഓളം പദവികളിലാണ് എംഇഎസില്‍ സ്വന്തം ആളുകളെ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം എംഇഎസ് ജീവനക്കാരെയെല്ലാം സൊസൈറ്റി അംഗങ്ങളാക്കിയാണ് അധികാരം ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നതെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it