kozhikode local

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകള്‍ വൈകുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് അനസ്‌തേഷ്യാ വിഭാഗത്തില്‍ അനസ്തിസ്റ്റുകളുടെ ക്ഷാമം കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകള്‍ അനന്തമായി നീളുന്നതായി പരാതി.
അസ്ഥിരോഗവിഭാഗത്തിലുള്ള രോഗികളിലാണ് ഭൂരിഭാഗവും ശസ്ത്രക്രിയകള്‍ വൈകുന്നത്. വിവിധ വാഹനപകടങ്ങളില്‍ പെട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുന്ന രോഗികള്‍ക്ക് അടിയന്തര ശസ്ത്രക്രിയക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു.
അപകടങ്ങളില്‍ അസ്ഥികള്‍ പൊട്ടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുന്ന രോഗികള്‍ക്ക് അടിയന്തിര ശസ്ത്രക്രിയകള്‍ നടത്തേണ്ടതുണ്ട്. ഇത്തരത്തില്‍ രാവിലെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് അനസ്തിസ്റ്റുകളുടെ ക്ഷാമം കാരണം ശസ്ത്രക്രിയക്ക് പിറ്റേ ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. രോഗിക്ക് അനസ്‌തേഷ്യ കൊടുക്കാതെ ശസ്ത്രക്രിയ ചെയ്യാനാവില്ല. നിലവിലുള്ള അനസ്‌തേഷ്യ വിദഗ്ധര്‍ക്ക് മെഡിക്കല്‍ കോളജ് മുഴുവന്‍ ഓടി നടന്നാലും തീര്‍ക്കാനാവാത്തത്ര ജോലിയാണുള്ളത്. അനസ്‌തേഷ്യാ വിദഗ്ധരുടെ 35 തസ്തികകളുണ്ട്. നിലവിലുള്ളത് 17 പേര്‍ മാത്രം. മെഡിക്കല്‍ കോളജിലെ ചികില്‍സാവശ്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ അമ്പത് പേരെങ്കിലും വേണം.
ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഗ്യാസ്‌ട്രോ, നെഫ്‌റോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലും ആവശ്യത്തിനു ആളില്ലാതെ വലയുകയാണ് അനസ്‌തേഷ്യാ വിഭാഗം. അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ സ്ഥലം മാറി പോകുമ്പോള്‍ പകരം ആളെ നിയമിക്കാത്തതതും ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
40 വര്‍ഷം പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് ഇപ്പോഴും അനസ്‌തേഷ്യാ വിഭാഗം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അനസ്‌തേഷ്യാ ഡോക്ടര്‍മാരെ നിയമിക്കുവാന്‍ പ്രിന്‍സിപ്പല്‍ പല പ്രാവശ്യവും കത്തുകളയച്ചിട്ടും ഒരു ഫലവും കണ്ടില്ല. മലബാറിലെ ആറു ജില്ലകളിലെ രോഗികളുടെ ഏക ചികില്‍സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. കോഴിക്കോട് മെഡിക്കല്‍ കോളജിനോട് കടുത്ത അവഗണനയാണ് ആരോഗ്യവകുപ്പ് കാണിക്കുന്നതെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it