ഗുപ്റ്റില്‍ വെടിക്കെട്ടില്‍ ലങ്ക തകര്‍ന്നു

ക്രെസ്റ്റ്ചര്‍ച്ച്: ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ അര്‍ധസെഞ്ച്വറിയുമായി ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ കത്തികയറിയപ്പോള്‍ എതിരാളികളായ ശ്രീലങ്കയ്ക്ക് കാഴ്ചക്കാരാവാനെ സാധിച്ചുള്ളൂ. 17 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ ഗുപ്റ്റില്‍ പുറത്താവാതെ 30 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 93 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ന്യൂസിലന്‍ഡ് താരം നേടുന്ന വേഗതയേറിയ അര്‍ധസെഞ്ച്വറിക്കും ഇതോടെ ഗുപ്റ്റില്‍ അര്‍ഹനായി. 18 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ നേട്ടാണ് ഗുപ്റ്റില്‍ ഇന്നലെ മറികടന്നത്. എന്നാല്‍, 16 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടി റെക്കോഡിട്ട ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ മറികടക്കാന്‍ ഗുപ്റ്റിലിനായില്ല. ഗുപ്റ്റിലിന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ 250 പന്ത് ബാക്കിനില്‍ക്കേ 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് കിവീസ് ഇന്നലെ ലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആഘോഷിച്ചത്. ജയത്തോടെ ആതിഥേയര്‍ പരമ്പരയില്‍ 2-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 27.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. കിവീസിനു വേണ്ടി മാറ്റ് ഹെന്റ്‌റി നാലും മിച്ചെല്‍ മക്ലേഗന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടിയില്‍ ടോം ലാതത്തിനെ (17*) കാഴ്ചക്കാരനാക്കി ഗുപ്റ്റില്‍ നിറഞ്ഞാടിയപ്പോള്‍ 8.2 ഓവറില്‍ കിവീസ് ലക്ഷ്യം കാണുകയായിരുന്നു.
Next Story

RELATED STORIES

Share it