Idukki local

ഗുണ്ടുമലയിലെ പ്രീ-സ്‌കൂള്‍ ടീച്ചറുടെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍



തൊടുപുഴ: ഗുണ്ടുമല എസ്‌റ്റേറ്റില്‍ പ്രി-സ്‌കൂള്‍ ടീച്ചറെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ അന്വേഷണം പുരോഗമിക്കുന്നു. കൊച്ചി റേഞ്ച് ഐജി പി വിജയന്‍ സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് സ്‌ക്വാഡുകളും രൂപീകരിച്ചു. സിഐമാര്‍ക്കാണ് സ്‌ക്വാഡിന്റെ ചുമതല. സംശയത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് ഉന്നത പോലിസ് സംഘം ഗുണ്ടുമലയിലെത്തിയത്.തുടര്‍ന്ന് സ്‌കൂളിലെത്തി മൃതദേഹം കിടന്ന മുറി പരിശോധിച്ചു. കൊല്ലപ്പെട്ട രാജഗുരുവിന്റെ ഭര്‍ത്താവിനെയും രണ്ട് മക്കളെയും പ്രത്യേകം ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് സമീപത്തും രാജഗുരു താമസിക്കുന്ന ലയത്തിലുമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി.
കൊലപാതകം നടന്ന ദിവസം പുറമെ നിന്നും ആരും വന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് എല്ലാവരും പറഞ്ഞത്. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇവരാരും എസ്‌റ്റേറ്റ് വിട്ട് പുറത്ത് പോയതായി കണ്ടെത്തിയിട്ടില്ല. രാജഗുരുവിന്റെ കഴുത്തില്‍ കിടന്നിരുന്ന രണ്ട് മാലകള്‍ക്ക് വേണ്ടി മാത്രമാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് വിശ്വസിക്കുന്നില്ല. മോതിരം, മൂക്കുത്തി, കമ്മല്‍ എന്നിവ നഷ്ടപ്പെടാത്തതാണ് ഈ നിഗമനത്തിനു കാരണം.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംശയിക്കുന്നു. രാജഗുരുവിന്റെ മെബൈലിലേക്ക് വന്ന ഫോണ്‍കോളുകളും പോലിസ് പരിശോധിക്കുന്നുണ്ട്. കൊലപാതകശേഷം തെളിവുകള്‍  അവശേഷിപ്പിക്കാതെയാണ് പ്രതി കടന്നത്.
ഇടുക്കിയില്‍ നിന്നെത്തിയ പോലിസ് നായ സ്ര്കൂളില്‍ പ്രവേശിച്ച് പിന്നീട് രാജഗുരുവിന്റെ വീടിനു പുറക്‌വശത്തും തുടര്‍ന്ന് തൊട്ടു മുകളിലുള്ള റോഡ് വരെയും എത്തിയശേഷം നിന്നു. സംഭവുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോ ദ്യം ചെയ്തുവരികയായിരുന്നു.
രണ്ട് ദിവസത്തിനകം കൊലയാളിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്. ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി കെ എന്‍ അനിരുദ്ധന്‍, സിഐമാരായ സാം ജോസ്, പ്രമോദ്, എസ്‌ഐ പി ജിതേഷ് എന്നിവരും ഐജിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it