thrissur local

ഗുണ്ടാ നേതാവിനെതിരേ കാപ്പ; ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്ക്

തൃശൂര്‍: കൊലപാതക ശ്രമക്കേസുകളിലെ പ്രതിയും കടവി രഞ്ജിത്തിന്റെ സംഘാംഗവുമായ പ്രതിയെ കാപ്പ പ്രകാരം തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊലപാതകശ്രമം, കവര്‍ച്ച, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ വടൂക്കര കീഴില്‍ വീട്ടില്‍ അനി എന്ന അനീഷിനെ(29)യാണ് അടുത്ത ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി തൃശൂര്‍ റേഞ്ച് ഐജി കാപ്പ നിയമപ്രകാരം ഉത്തരവിട്ടത്. ജില്ല പോലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ഇനി അടുത്ത ഒരു വര്‍ഷത്തേക്ക് അനീഷിന് ജില്ലയില്‍ പ്രവേശിക്കാനാകൂ.
ഇത് ലംഘിച്ചാല്‍ കാപ്പ നിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇയാള്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെയും കാപ്പ പ്രകാരം നടപടിയെടുക്കും. നെടുപുഴ ദുര്‍ഗദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേനത്ത് സുകുമാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന അനീഷിനെ തൃശൂര്‍ സെഷന്‍സ് കോടതി നാലുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു.
കണിമംഗലം സ്വദേശി പനമുക്കില്‍ വീട്ടില്‍ ഷിനോജിനെ വാളുംകളും ബോംബും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും മൂര്‍ക്കനിക്കര സ്വദേശി പടിഞ്ഞാറെതലയ്ക്കല്‍ അജയനെ ആക്രമിച്ച് പണവും ഫോണും കവര്‍ന്നതിനും നെല്ലിക്കുന്ന് സ്വദേശി കാരേപറമ്പില്‍ ജയനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കാച്ചേരി സ്വദേശി മുരളീദാസിനെ തീപ്പൊള്ളലേല്‍പ്പിച്ച് പണവും ഫോണും കവര്‍ന്നതിനും കുപ്രസിദ്ധ ഗുണ്ട സന്ദീപിന്റെ വീട്ടില്‍ കയറി ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും വടൂക്കര സ്വദേശി തുളുവാഞ്ചേരി സുജിതിനെ ആക്രമിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്.
Next Story

RELATED STORIES

Share it