ഗുണ്ടാവിളയാട്ടം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
തിരുവനന്തപുരം മടവൂരില്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള ഗുണ്ടാ-മാഫിയാ അക്രമങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷത്ത് നിന്നും കെ മുരളീധരനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രിക്കാണ് നോട്ടീസ് നല്‍കിയതെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മന്ത്രി ജി സുധാകരന്‍ മറുപടി നല്‍കിയത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായി. കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് സമ്മതിച്ച മന്ത്രി ജി സുധാകരന്‍, ഗുണ്ടകളുടെ അക്രമം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 265 ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തി കേസെടുത്തു. ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഓപറേഷന്‍ കുബേര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. കൊട്ടും കുരവയുമില്ലാതെ കുബേര മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. പരിപാടിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ വന്നശേഷം 14,812 റെയ്ഡുകള്‍ നടത്തി. 3,378 കേസുകളിലായി 2,198 പേരെ അറസ്റ്റ് ചെയ്തു. അഞ്ച് കോടി രൂപയും പിടിച്ചെടുത്തു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് ലഭിക്കുന്ന വിവിധ പുരസ്‌കാരങ്ങള്‍ ഇതിനുള്ള തെളിവാണെന്നും മന്ത്രി പറഞ്ഞു. മടവൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു സിഐയും രണ്ട് എസ്‌ഐയും അടങ്ങുന്ന പ്രത്യേകസംഘം സംഭവം അന്വേഷിക്കുകയാണെന്നും സുധാകരന്‍ അറിയിച്ചു.
ഡിജിപി ട്യൂഷനെടുക്കും തോറും പോലിസ് ക്രിമിനലുകളാവുകയാണെന്ന് മുരളീധരന്‍ പരിഹസിച്ചു. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിക്കാത്ത പ്രകിയയായി തുടരുന്നു. സംസ്ഥാനത്ത് മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണമില്ല. ഇവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാത്തതാണ് ഇതിന് കാരണം. മടവൂരില്‍ ഗുണ്ടാ അക്രമത്തില്‍ പരിക്കേറ്റ യുവാവ് സഹായത്തിന് അഭ്യര്‍ഥിച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. ഗുണ്ടകളെ പേടിച്ചിട്ടാണ് ജനം സഹായിക്കാത്തത്.
ഒരുഭാഗത്ത് പോലിസ് സംരക്ഷകരുടെയും മറുഭാഗത്ത് ആരാച്ചാരുടെയും പണിയെടുക്കുകയാണ്. പോലിസ് തന്നെ പലപ്പോഴും കേസിലെ പ്രതിയായി മാറുന്നു.
പ്രവാസിയുടെ മകളുടെ കല്യാണം മുടക്കാനുള്ള താല്‍പര്യം, ഗുണ്ടകളെ പിടിക്കാന്‍ പോലിസ് കാണിക്കുന്നില്ല. ചിലയിടങ്ങളില്‍ പോലിസ് ഗുണ്ടകളായി മാറുകയോ ഗുണ്ടകളെ സ്‌പോണ്‍സര്‍ ചെയ്യുകയോ ആണ്. ജയിലില്‍ പ്രതിക്ക് കാമുകിയുമായി സല്ലപിക്കാനും സഹായം ചെയ്യുന്നു. ടിപി വധക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ വിട്ടയക്കാന്‍ സൗകര്യമൊരുക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it