Breaking News

ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പൊലിസ് അറസ്റ്റു ചെയ്തു

ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പൊലിസ് അറസ്റ്റു ചെയ്തു
X
ചെന്നൈ: ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ഗുണ്ടാത്തലവന്‍ ബിനുവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ ചെന്നൈ പൊലിസ് അറസ്റ്റു ചെയ്തു. ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് പിടിയിലായത്.

അന്‍പതു പേരടങ്ങിയ പൊലിസ് സംഘം  മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാളാഘോഷത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. ബിനുവിന്റെ പിറന്നാളാഘോഷത്തിനുവേണ്ടി നഗരത്തിലെ എല്ലാ ഗുണ്ടകളും ഒത്തുകൂടുന്നുണ്ടെന്നും പങ്കെടുക്കാന്‍ പോകുകയാണെന്നും ഇയാള്‍ പൊലിസിന് മൊഴിനല്‍കി. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് സര്‍വേശ് രാജിന്റെ നേതൃത്വത്തില്‍ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍നിന്നുള്ള പൊലിസുകാര്‍ അടങ്ങുന്ന സംഘമാണ് ആഘോഷ സ്ഥലം വളഞ്ഞത്. സ്വകാര്യ കാറുകളിലായിരുന്നു പോലിസ് സംഘത്തിന്റെ വരവ്. വടിവാള്‍ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപപ്രദേശങ്ങളില്‍ ഒളിച്ചിരുന്നവര്‍ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലിസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. നിലവില്‍ പിടിയിലായവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരെ അതത് പൊലിസ് സ്‌റ്റേഷനുകളില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it