Flash News

ഗുഡ് ഷെപ്പേഡ് പള്ളിയില്‍ കെവിന് അന്ത്യവിശ്രമം

കോട്ടയം: ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായ കെവിന് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം. കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ മരണാനന്തര ശുശ്രൂഷകള്‍ക്കുശേഷം ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംസ്‌കാരം. വന്‍ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കെവിന്റെ ഭാര്യ നീനു, പിതാവ് ജോസഫ് അടക്കം ബന്ധുക്കളെല്ലാം പള്ളിയിലുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം രാവിലെ 11.30ഓടെ നട്ടാശ്ശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.
ഹര്‍ത്താലും മഴയും അവഗണിച്ചാണ് വന്‍ ജനക്കൂട്ടം വീട്ടിലും സംസ്‌കാരച്ചടങ്ങുകള്‍ നടന്ന മൗണ്ട് കാര്‍മല്‍ പള്ളിയിലും ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയിലും തടിച്ചുകൂടിയത്. ഉച്ചയ്ക്ക് 2.50 ഓടെയാണ് മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കായി കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെത്തിച്ചത്.
പാലാ, വിജയപുരം അതിരൂപതാ ബിഷപ്പുമാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. അതിനിടെ, കെവിന്റെ മൃതദേഹം സൂക്ഷിച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്ക് മുമ്പില്‍ സംഘര്‍ഷമുണ്ടായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും കല്ലേറ് നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പോലിസ് ലാത്തിവീശി. മൂന്നുമണിക്കൂറോളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്ക് മുമ്പില്‍ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു.
മുഖ്യമന്ത്രിക്കെതിരെയും പോലിസിനെതിരെയും മുദ്രാവാക്യം വിളിച്ചത് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ—ക്കെതിരെയും സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തി.
അതേസമയം, കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയും കോണ്‍ഗ്രസ്സും ദലിത് സംഘടനകളും ബിജെപിയും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണവും ശാന്തവുമായിരുന്നു.
Next Story

RELATED STORIES

Share it